ADVERTISEMENT

ഇരിട്ടി (കണ്ണൂർ)∙ വൈദ്യുതി ഓഫ് ചെയ്തു ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കെഎസ്ഇബി കാക്കയങ്ങാട് സെക്‌ഷനിലെ ലൈൻമാൻ വട്ടക്കയം എളമ്പ സ്വദേശി സജിന നിവാസിൽ വി.സന്തോഷാണ് (50) ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 11.30ന് തില്ലങ്കേരി കാവുംപടി അങ്കണവാടിക്കു സമീപത്താണ് അപകടമുണ്ടായത്.എച്ച്ടി ലൈൻ ഓഫ് ചെയ്തും ട്രാൻസ്ഫോമറിന്റെ ഫ്യൂസുകൾ ഊരിവച്ച് സുരക്ഷാ മുൻകരുതലെടുത്തും വൈദ്യുതത്തൂണിനു മുകളിൽ ജോലിചെയ്യുന്ന സമയത്താണു ഷോക്കേറ്റത്.

താഴെ റോഡിലും സമീപത്തുമുണ്ടായിരുന്ന സഹപ്രവർത്തകർ ശബ്ദം കേട്ടു നോക്കുമ്പോൾ ലൈനിൽ കുടുങ്ങിയ നിലയിലായിരുന്നു. സമീപത്തുണ്ടായിരുന്ന ക്രെയിൻ എത്തിച്ചു സഹപ്രവർത്തകരും നാട്ടുകാരും ചേർന്നു പുറത്തെടുത്ത് പ്രഥമശുശ്രൂഷ നൽകി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.വൈദ്യുതി വിഛേദിച്ചാണ് ജോലി ചെയ്തിരുന്നതെന്നും ലൈനിൽ വൈദ്യുതി എങ്ങനെ പ്രവഹിച്ചെന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കെഎസ്ഇബി കാക്കയങ്ങാട് സെക്‌ഷൻ അസി.എൻജിനീയർ കെ.കെ.പ്രമോദ്കുമാർ അറിയിച്ചു.മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എ.എൻ.ഷംസീർ ഇരിട്ടി ആശുപത്രിയിലെത്തിയിരുന്നു. മട്ടന്നൂർ മുതലക്കലിലെ പുതുക്കളത്തിൽ ഹൗസിൽ സി.കുഞ്ഞിരാമന്റെയും വി.വി.കൗസല്യയുടെയും മകനാണ്. ഭാര്യ: സജിനി.മക്കൾ: ദേവനന്ദ, വൈഗ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ബാബു, സുഭാഷ് (ഇരുവരും ഓട്ടോ ഡ്രൈവർമാർ ), സുമിത്ര, അനുപമ.

എങ്ങനെ ഷോക്കേറ്റു
ഇരിട്ടി ∙ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടും തില്ലങ്കേരി കാവുംപടിയിൽ ലൈൻമാൻ ഷോക്കേറ്റു മരിച്ചതിന്റെ നടുക്കത്തിൽ നാടും കെഎസ്ഇബിയും. ലൈൻ ഓഫ് ചെയ്യുന്നതിനൊപ്പം എർത്ത് കൂടി നടത്തണമെന്ന നിർദേശവും പാലിച്ചിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.ഇൻവെർട്ടർ, ജനറേറ്റർ എന്നിവയിൽനിന്നു വൈദ്യുതി തിരികെ ലൈനിലേക്കു പ്രവഹിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.കെഎസ്ഇബി ശിവപുരം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രാഥമിക അന്വേഷണം നടത്തും. വകുപ്പുതല അന്വേഷണം ഉണ്ടാവും.4 വർഷത്തിലധികമായി കാക്കയങ്ങാട് സെക്‌ഷൻ പരിധിയിൽ ലൈൻമാനായിരുന്നു വി.സന്തോഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com