ADVERTISEMENT

ശ്രീകണ്ഠപുരം∙ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പുതിയ ബസ് റൂട്ട് അനുവദിക്കുന്നതിനും, യാത്രാ പ്രശ്നം ചർച്ച ചെയ്യുന്നതിനും ശ്രീകണ്ഠപുരത്ത് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ജനങ്ങളുടെ നിവേദന പ്രവാഹം. റൂട്ടു വാങ്ങിയ പല ബസുകളും കൃത്യമായി ഓടുന്നില്ല. അവധി ദിവസങ്ങളിൽ ട്രിപ് മുടക്കുന്നു എന്ന പരാതി വേറെ. നേരത്തെ ഓടിയിരുന്ന പല റൂട്ടുകളിലും ഇപ്പോൾ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ലെന്ന പരാതിയുമുണ്ട്.ബസുകൾ ഓടാത്തത് കൊണ്ട് മലയോര മേഖലയിൽ രാത്രി യാത്ര ദുരിതമയമാണെന്ന പരാതിയുമായി നിരവധി പേർ എത്തി. കേരള മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇരിക്കുർ എംഎൽഎ സജീവ് ജോസഫ് വിളിച്ചു ചേർത്ത ജനസദസ്സിലാണ് ബസുകൾക്കായി മുറവിളി ഉയർന്നത്.

മണ്ഡലത്തിൽ യാത്രാക്ലേശം അനുഭവിക്കുന്ന മേഖലകളിലേക്ക് പുതിയ ബസ് റൂട്ടുകൾ രൂപീകരിക്കുന്നതിനാണ്  ജനകീയ സദസ്സ് നടത്തിയത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആശയമാണ് ജനസദസും പുതിയ ബസ് റൂട്ടുകളും.  ഗ്രാമീണ മേഖലകളിലേക്ക് ബസ് റൂട്ട് അനുവദിക്കാത്തതിനാലും നിലവിലുള്ള റൂട്ടിൽ കൃത്യമായി ബസ് സർവീസ് നടത്താത്തതും യോഗത്തിൽ വിമർശിക്കപ്പെട്ടു. കെഎസ്ആർടിസി സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ചതിനെയും ജനപ്രതിനിധികൾ ചോദ്യം ചെയ്തു.ജനകീയ സദസ്സ് ശ്രീകണ്ഠാപുരം നഗരസഭ ഹാളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.യാത്രാ പ്രശ്നം പരിഹരിക്കാൻ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് എംഎൽഎ യോഗത്തിൽ അറിയിച്ചു.

ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം ശ്കതമായി ഉന്നയിച്ചെന്നും മന്ത്രിയുടെ പുതിയ ആശയം മലയോരത്തിനു ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.ജനകീയ സദസ്സിൽ നിരവധി പരാതികളും നിർദേശങ്ങളും ലഭിച്ചു. ജോയിന്റ് ആർടിഒ സി.പത്മകുമാർ, ഡിടിഒ വി.സി.മനോജ് കുമാർ, നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി .മോഹനൻ( ചെങ്ങളായി), ബേബി ഓടംപള്ളിൽ (നടുവിൽ), ജോജി കന്നിക്കാട്ട്(ആലക്കോട്), കെ. എസ് .ചന്ദ്രശേഖരൻ (ഉദയഗിരി), മിനി ഷൈബി (ഏരുവേശി), ടി.പി. ഫാത്തിമ(ഇരിക്കൂർ), ജില്ലാ പഞ്ചായത്ത് അംഗം എൻ. പി. ശ്രീധരൻ, എഎംവി മാരായ സുനീഷ് പുതിയ വീട്ടിൽ, സി.എൻ. പത്മരാജൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com