ഒലിച്ചുപോയ കോൺക്രീറ്റ് നടപ്പാലത്തിനു പകരം താൽക്കാലിക തൂക്കുപാലം; മുന്നിട്ടിങ്ങി നാട്ടുകാർ
Mail This Article
ചിറ്റാരിപ്പറമ്പ് ∙ കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് എടയാർ നാരായണ മംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ഒലിച്ചുപോയ കോൺക്രീറ്റ് നടപ്പാലത്തിനു പകരം ഇരുമ്പ്, മരം എന്നിവ ഉപയോഗിച്ച് താൽക്കാലിക തൂക്കുപാലത്തിന്റെ നിർമാണം ആരംഭിച്ച് നാട്ടുകാർ.കഴിഞ്ഞ മാസം കനത്ത മഴയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചലിൽ ആണ് 1992–ൽ നിർമിച്ച എടയാർ കോൺക്രീറ്റ് നടപ്പാലം പൂർണമായും തകർന്ന് വീണ് ഒലിച്ചുപോയത്. നടപ്പാലം കോളയാട് പഞ്ചായത്തിൽ ആണെങ്കിലും ഇതിന്റെ പ്രധാന ഉപഭോക്താക്കൾ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്ന്യോട് പ്രദേശവാസികളാണ്. പാലം ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും നൂറ് മീറ്റർ മാറിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പുതിയ തൂക്കുപാലം നിർമിക്കുന്നത്.
നടപ്പാലം തകർന്നതിനെ തുടർന്ന് നരിക്കോട് മല, വാഴമല, ചെന്നപ്പൊയിൽ, പന്ന്യോട് തുടങ്ങിയ പ്രദേശവാസികൾക്ക് അടുത്തുള്ള പട്ടണവും ആയുള്ള ബന്ധം നഷ്ടപ്പെട്ടു. കണ്ണവം ടൗണിൽ എത്തണമെങ്കിൽ ഇപ്പോൾ ചുരുങ്ങിയത് അഞ്ച് കിലോ മീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പാലം നിർമിക്കാനുള്ള നിർമാണത്തിനായി ഇവിടെ എത്തുന്നത്.വാഹന സൗകര്യമുള്ള കോൺക്രീറ്റ് പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യവും ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. പുഴയ്ക്ക് കുറുകെ പന്ന്യോട് - ചങ്ങലഗേറ്റ് പാലവും വാഹന യോഗ്യമായ റോഡും അടിയന്തരമായി അധികൃതർ നിർമിച്ചു തരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.