ADVERTISEMENT

പയ്യന്നൂർ ∙ ഒരേ സ്ഥാപനത്തിൽ 4 തവണ കവർച്ച നടത്തി പയ്യന്നൂർ പൊലീസിന് വെല്ലുവിളി ഉയർത്തിയ കുപ്രസിദ്ധ കവർച്ചക്കാരനെ ഒടുവിൽ പയ്യന്നൂർ പൊലീസ് പിടികൂടി.ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡാണ് കോഴിക്കോട്ടുനിന്നാണ് കോയമ്പത്തൂർ മധുര തുടിയല്ലൂർ ശുക്രൻ പാളയത്തെ ജോൺ പീറ്ററിനെ (ശക്തിവേൽ–32) പിടികൂടിയത്. ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സി.സനീദ്, കെ.സുഹൈൽ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ ജബ്ബാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.

പിടികൂടിയത് പയ്യന്നൂരിൽ കവർച്ച നടത്തി മടങ്ങുമ്പോൾ:
കേളോത്ത് ബദർ ജുമാ മസ്‌ജിദിനു സമീപത്തെ കാസാകസീന ഹോട്ടലിന്റെ മേൽക്കൂര ഇളക്കി അകത്ത് കയറി  5300 രൂപയും 12000 രൂപ വിലവരുന്ന ഫോണും കവർന്ന ശേഷം ടൗണിലെ കൈരളി ഹോട്ടലിൽ കയറി  ഭക്ഷണം പാചകം ചെയ്ത് കഴിച്ച് ട്രെയിനിൽ  കോഴിക്കോട്ടേക്കുപോയ പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.കവർച്ച നടത്തിയ സ്ഥലത്തെല്ലാം ഈ കള്ളന്റെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. നിരീക്ഷണ ക്യാമറയെ ഭയപ്പെടാത്ത കള്ളൻ എല്ലായിടത്തും അതിൽ പോസ് ചെയ്ത് നിന്നു കൊടുക്കാറുണ്ട്. പയ്യന്നൂരിൽ ഒരു കടയിൽ 4 തവണ കവർച്ച നടത്തി. എന്നാലും പൊലീസിന് കള്ളനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കൈരളി ഹോട്ടലിൽ പതിഞ്ഞ സിസിടിവി ദൃശ്യവും ഫോൺ നമ്പറും കള്ളനെ തിരിച്ചറിയാൻ സഹായിച്ചു.  അങ്ങനെയാണ് ഈ കള്ളനെ പിന്തുടർന്ന് 24 മണിക്കൂറിനകം  കോഴിക്കോട് വച്ച് പിടിച്ചത്.

ഒരേ സ്ഥാപനത്തിൽ 4 തവണ കവർച്ച
പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ടൗണിലെ സ്കൈ സൂപ്പർ മാർക്കറ്റിലാണ് 4 തവണ കവർച്ച നടത്തിയത്. ആദ്യ കവർച്ച 2022 ഫെബ്രുവരി 20ന്. 50,000 രൂപയും സാധനങ്ങളും കൊണ്ടുപോയി. 2022 ഓഗസ്റ്റ് 10ന് ആണ് രണ്ടാമത്തെ കവർച്ച. 3 ലക്ഷം രൂപയും സാധനങ്ങളും കൊണ്ടു പോയി. 2023 ഏപ്രിൽ 4ന് മൂന്നാമത്തെ കവർച്ച.നാണയങ്ങളും സാധനങ്ങളും കൊണ്ടു പോയി. 2024 മേയ് 1ന് രാത്രിയിലാണ് നാലാമത്തെ കവർച്ച. 25,000 രൂപയും ചാരിറ്റി ഭണ്ഡാരങ്ങൾ പൊളിച്ച് അതിലെ പണവും 12,000 രൂപയുടെ സാധനങ്ങളും കൊണ്ടുപോയി.ആദ്യ 3 തവണയും ചുമരുകളിലെ വെന്റിലേറ്റർ പൊളിച്ചാണ് അകത്തു കയറിയത്. അതോടെ ഉടമ വെന്റിലേറ്ററുകൾ എല്ലാം എടുത്ത് മാറ്റി. അതുകൊണ്ട് 4ാം തവണ കയറിയത് മേൽക്കൂര പൊളിച്ച് മാറ്റി സീലിങ്ങും അടർത്തിയാണ് കയറിയത്.

അകത്ത് കയറി 4 തവണയും ഒരു മണിക്കൂറിലധികം ഇതിനകത്ത് കള്ളൻ ചെലവഴിച്ചു. ഐസ് ക്രീമും കോളകളുമൊക്കെ ആവശ്യത്തിന് കുടിച്ച് ബദാം, അണ്ടിപ്പരിപ്പ്, വില കൂടിയ ബിസ്കറ്റുകൾ എന്നിവയെല്ലാം ആവശ്യത്തിന് കഴിച്ചാണ് സ്ഥലം വിട്ടത്. നാല് തവണയും ഇതിന് മാറ്റമുണ്ടായിട്ടില്ല. നിരീക്ഷണ ക്യാമറയിൽ 4 തവണയും തന്റെ ദൃശ്യം കൃത്യമായി പതിപ്പിച്ചാണ് തിരിച്ച് പോകുന്നത്. പൊലീസ് അന്വേഷണം ശക്തിപ്പെടുത്തുമ്പോഴും ടൗണിൽ തന്നെ കവർച്ച നടത്തിക്കൊണ്ടിരുന്നു:കഴിഞ്ഞ ഒക്ടോബർ 15ന് രാത്രി സെൻട്രൽ ബസാറിലെ സുൽഫക്സ് മാട്രസ് ആൻഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ നിന്ന് 15,000 രൂപയും  ഐ മാക്സ് ഫൂട്‌വെയർ ആൻഡ് ബാഗ് എന്ന സ്ഥാപനത്തിൽ നിന്ന് 51000 രൂപയും കവർന്നു. മൈത്രി ഹോട്ടലിന്റെ വാതിലും മേശയും പാത്രങ്ങളും നശിപ്പിച്ച് മേശയിലുണ്ടായിരുന്ന പണം കൊണ്ടുപോയി.

ഭക്ഷണപ്രിയൻ
കവർച്ച നടത്തുമ്പോഴെല്ലാം ആദ്യം വയറ് നിറയെ ഭക്ഷണം കഴിക്കലാണ് ഹോബി. കോളയും ബിസ്കറ്റും ബദാമും അണ്ടിപ്പരിപ്പുമൊക്കെയാണ് ഇഷ്ടവിഭവം. ഇതൊന്നും കിട്ടാതിരുന്ന ദിവസമാണ് കൈരളി ഹോട്ടലിൽ കയറി ഭക്ഷണമുണ്ടാക്കി കഴിച്ചു പോയത്.ഭക്ഷണമുണ്ടാക്കാൻ ഒന്നുമില്ലാത്ത ദേഷ്യമാണ് മൈത്രി ഹോട്ടലിലെ പാത്രങ്ങളും മറ്റും നശിപ്പിക്കാൻ പ്രേരിപ്പിച്ചതത്ര.കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.  പൊലീസ് പിടിയിലാകുന്നത് ആദ്യമാണ്.

English Summary:

Notorious Payyannur Thief Apprehended in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com