ഹൈടെക് റോഡിൽ ഓവുചാലില്ല; എക്സൈസ് ചെക് പോസ്റ്റ് വെള്ളക്കെട്ട് ഭീഷണിയിൽ
Mail This Article
ഇരിട്ടി∙ കെഎസ്ടിപി പദ്ധതിയിൽ രാജ്യാന്തര നിലവാരത്തിൽ നിർമിച്ച സംസ്ഥാനാന്തര പാതയിൽ ഓവുചാൽ ഇല്ലാത്തതു മൂലം കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റ് വെള്ളക്കെട്ട് ഭീഷണിയിൽ. മഴ പെയ്താൽ ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ മുൻപിൽ വെള്ളം നിറയും. വെള്ളക്കെട്ടിൽ നിന്നു പരിശോധന നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. സമീപത്തെ കുന്നിൽ നിന്നുൾപ്പെടെ എത്തുന്ന വെള്ളം റോഡരികിലൂടെ ഒഴുകി പോകാൻ ഓവുചാൽ ഇല്ലാത്തതിനാൽ ചെക്ക് പോസ്റ്റ് ഇരിക്കുന്നിടത്തേക്കാണു ഒഴുകിയെത്തുന്നത്. ഇവിടെ നിന്നു താഴെ ബാരാപ്പുഴയിലേക്കും.ചെക് പോസ്റ്റിന്റെ 2 പടി വരെ വെള്ളം ഉയരും. ബോർഡുകൾ കല്ലിട്ടുയർത്തി കമിഴ്ത്തി വച്ചാണു ജീവനക്കാർ ഇവിടെ നിൽക്കുന്നത്. സാംക്രമിക രോഗഭീഷണിയും ഉണ്ട്.
മഴയിൽ റോഡിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നതു വാഹനങ്ങൾക്ക് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. കേരളത്തിൽ നിന്നു കർണാടകയിലേക്കു വഴി തുറക്കുന്ന കൂട്ടുപുഴ പാലത്തിനു സമീപമാണ് എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത്. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വഴിയും ആണ്. വാഹനങ്ങൾ ശ്രദ്ധിക്കാതെ കടന്നു പോകുമ്പോൾ വെള്ളം തെറിച്ചു ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങൾ അഴുക്കാകുന്നതും നിത്യസംഭവമാണ്.പേരട്ട റോഡിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളം പ്രധാന പാതയിലേക്കു എത്താതെ വഴി തിരിച്ചു വിട്ടു താൽക്കാലികപരിഹാരം ഉണ്ടാക്കുകയും ശാസ്ത്രീയമായി ഓവുചാൽ നിർമിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. വെള്ളം ഒഴുകി പോകാൻ പേരട്ട റോഡിൽ മുൻപ് സ്ഥാപിച്ച പൈപ്പ് ജലജീവൻ മിഷന്റെ പൈപ്പ് സ്ഥാപിച്ച സമയത്ത് അടഞ്ഞു പോയതും വെള്ളക്കെട്ടിനു കാരണമാണെന്നും പ്രദേശവാസികൾ പറഞ്ഞു.