വീട്ടിൽ കയറി ആക്രമണം; 8 പേർ പിടിയിൽ, അക്രമികൾ സഞ്ചരിച്ച കാറും പിടികൂടി
Mail This Article
തളിപ്പറമ്പ്∙ മാരകായുധങ്ങളുമായി വീടുകയറി ആക്രമിച്ച് വീട്ടുകാരെയും തടയാൻ ചെന്ന നാട്ടുകാരെയും ഉപദ്രവിച്ച സംഭവത്തിൽ 8 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം വൈകിട്ട് മുയ്യത്തിന് സമീപം അക്രമം നടത്തിയ സംഭവത്തിലാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി 8 പേരെയും ഇവർ എത്തിയ കാറും പിടികൂടിയത്. പുളിമ്പറമ്പ് സ്വദേശികളായ പി.പി.റിഷാൻ(24), തിരുവോത്ത് എം.വി.അങ്കിത്(27), സുബി മഹൽ സി.ശ്യാമിൽ(27), താഹിറാസിൽ പി.വി.മുഹമ്മദ് റമീസ്(36), വനംവകുപ്പ് ഓഫിസിന് സമീപം എ.പി.മുഹമ്മദ് ഷബീർ(27), ചിറയിൽ ഹൗസ് സി.മുഹമ്മദ് ജഫ്രീൻ(27), പട്ടുവം ഹൈസ്കൂൾ റോഡിൽ കെ.വി.സുജിൻ(24), പുതിയകണ്ടം ഷിഫ മഹൽ എ.പി.മുഹമ്മദ് സിനാൻ(27) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഇവർ 2 കാറുകളിലായി മുയ്യത്ത് എത്തി കെ.അബ്ദു(57) എന്നയാളുടെ വീട്ടിൽ കയറി അബ്ദുവിന്റെ മകൻ മഹഷൂക്കിനെ വലിച്ച് പുറത്തിട്ട് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച അബ്ദുവിനെയും മറ്റൊരു മകൻ മിഥ്‍ലാജിനെയും ബന്ധുവായ കരീമിനെയും കത്തി, ഇടിക്കട്ട എന്നിവ കൊണ്ട് ആക്രമിച്ചു. അക്രമം കണ്ടു തടയാൻ ശ്രമിച്ച നാട്ടുകാരെയും ആക്രമിച്ചു. തുടർന്ന് നാട്ടുകാർ സംഘത്തിലെ ചിലരെ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ചിലർ രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ തടഞ്ഞുവച്ച 5 പേരെ പിടികൂടി. തുടർന്ന് പുളിമ്പറമ്പിലും പരിസരങ്ങളിൽ നിന്നുമായി മറ്റു 3 പേരെയും പിടികൂടുകയായിരുന്നു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മുയ്യത്തുള്ള ഒരു യുവാവിനെ കാണാനായി സംഘത്തിലുള്ളവർ വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരെ നാട്ടുകാർ ഓടിച്ചുവിട്ടിരുന്നു. ഇതിൽ ഇടപെട്ടവരെ സംഘത്തിലുള്ളവർ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവത്രെ. എതിർത്തവരിൽ മഹഷൂക്കും ഉണ്ടെന്നു പറഞ്ഞാണ് സംഘം അക്രമം നടത്തിയതെന്നാണ് സൂചന. സംഘത്തെ ഓടിച്ചുവിട്ടതിന്റെ തുടർച്ചയായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പുളിമ്പറമ്പിൽ സംഘർഷം നടന്നിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരാതിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് തിരിച്ചുപോവുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അക്രമമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ 8 പേരെയും റിമാൻഡ് ചെയ്തു.