ADVERTISEMENT

ഇരിട്ടി∙ നഗരത്തിലെ 2 മൊബൈൽ ഫോൺ കടകളിൽ മോഷണം നടത്തി ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്കുമായി കടന്നുകളഞ്ഞ കേസിൽ 2 പേർ അറസ്റ്റിലായി. ഉളിക്കൽ മണ്ഡപപ്പറമ്പിലെ ടി.എ.സലിം (42), കർണാടകയിലെ കുടക് സോമവാർപേട്ട ഗാന്ധിനഗറിലെ താമസക്കാരനും മലയാളിയുമായ സഞ്ജു (സഞ്ജയ് കുമാർ – 30) എന്നിവരെയാണു വിരാജ്പേട്ട പൊലീസും ഇരിട്ടി പൊലീസും ചേർന്ന് വിരാജ്പേട്ടയിൽ പിടികൂടിയത്.

ഇരുവരും 2 പതിറ്റാണ്ടായി കേരളത്തിലും കർണാടകയിലുമായി കവർച്ചകൾ നടത്തിയ കേസുകളിൽ പ്രതികളാണെന്നും നിലവിൽ അറസ്റ്റിലായ കാലത്ത് കേരളത്തിൽ നാലും കർണാടകയിൽ ഒൻപതും കവർച്ചക്കേസുകൾ കൂടി തെളിഞ്ഞതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 21ന് പുലർച്ചെയാണ് മേലേ സ്റ്റാൻഡിൽ മെയിൻ റോഡിൽ എടക്കാനം സ്വദേശി പി.പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള റിങ്മി മൊബൈൽ ഷോപ്പ്, സമീപം മുസ്‌ലിം പള്ളിക്ക് എതിർവശം ജിതിൻ ആന്റണിയുടെ ഉടമസ്ഥതയിലുള്ള അമിഗോസ് മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിൽ കവർച്ച നടന്നത്. 12 മൊബൈൽ ഫോണുകളും 6500 രൂപയും ആണു നഷ്ടപ്പെട്ടതായി പരാതി ഉണ്ടായിരുന്നത്. അന്നു തന്നെ ഡിവൈഎഫ്ഐ ഇരിട്ടി മേഖലാ സെക്രട്ടറിയും അധ്യാപകനുമായ പയഞ്ചേരി വികാസ് നഗറിലെ എം.നിഖിലേഷിന്റെ ബൈക്കും മോഷണം പോയി.

സംഭവത്തിൽ ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ കടകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്നു മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇരിട്ടിയിൽ നിന്നു മോഷ്ടിച്ച ബൈക്കുമായി ഇവർ തലശ്ശേരി ഭാഗത്തേക്കു പോയതും തിരിച്ചു കൂട്ടുപുഴ വഴി കർണാടകയിലേക്കു കടന്നതുമായ ദൃശ്യങ്ങളും  ലഭിച്ചു. ഈ സൂചനകളുടെ അടിസ്ഥാനത്തിൽ ഇരിട്ടി സിഐ എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ കർണാടകയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഇവരുടെ പിന്നാലെ കർണാടക പൊലീസും ഉണ്ടെന്നു കണ്ടെത്തി. കഴിഞ്ഞ 28ന് വിരാജ്പേട്ട താലൂക്കിൽ ബേത്രി വില്ലേജിലെ ഒരു സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ തകർത്ത് 25,000 രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച കേസിലാണു വിരാജ്പേട്ട് റൂറൽ പൊലീസ് നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്.

പൊലീസിന്റെ തിരച്ചിലിനിടെ 31ന് ഇരുവരും പിടിയിലാകുകയായിരുന്നു. കുടക് എസ്പി കെ.എൻ.രാമരാജന്റെയും അഡിഷനൽ എസ്പി കെ.സുന്ദർ രാജിന്റെയും നേതൃത്വത്തിൽ വിരാജ്പേട്ട ഡിവൈഎസ്പി മോഹൻ കുമാർ, സിഐ ബി.ശിവരുദ്ര, വിരാജ്പേട്ട റൂറൽ പിഎസ്ഐമാരായ സി.സി.മഞ്ജുനാഥ്, വാണിശ്രീ, സയന്റിഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പിഐ രാമകൃഷ്ണ, സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവരാണ് കർണാടക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോയ്, ബിനീഷ്, സുകേഷ്, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവരാണ് കേരള അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ഇരിട്ടിയിൽ എത്തിക്കും.

ജയിലിലെ പരിചയം
അറസ്റ്റിലായവർ ഇരിട്ടി, കുടക്, മൈസൂരു മേഖലകളിൽ കടകൾ, വീട്, ക്ഷേത്രം, മസ്ജിദ്, ക്രിസ്ത്യൻ പള്ളി എന്നിവി‍ടങ്ങളിൽ കവർച്ചയും ബൈക്ക് മോഷണവും പതിവാക്കിയവരെന്ന് പൊലീസ്. കഴിഞ്ഞ ജൂലൈയിൽ വിരാജ്പേട്ടയിലെ നയാരാ പെട്രോൾ പമ്പിൽ മോഷണം നടത്തി ജയിലിലായി ജാമ്യത്തിലിറങ്ങിയ സമയത്താണു വീണ്ടും നിരവധി കവർച്ചകൾ നടത്തിയതെന്നു വിരാജ്പേട്ട പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 10ന് മാടത്തിൽ പൂവ്വത്തിൻകീഴിൽ ഭഗവതി ക്ഷേത്രം, പെരിങ്കരി പള്ളി, കേളകത്തെ ഒരു മസ്ജിദ്, ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരായിരുന്നു. തുടർന്നാണു 21ന് ഇരിട്ടി ടൗണിൽ കവർച്ച നടത്തി ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞത്.

കുടകിലെ വിവിധ സ്റ്റേഷനുകളിലായി 5 കേസുകളും മൈസൂരു സിറ്റി സ്റ്റേഷനിൽ 2 കേസും കണ്ണൂർ ജില്ലയിൽ 4 കേസുകളുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,50,000 രൂപ വിലമതിക്കുന്ന 3 ഇരുചക്ര വാഹനങ്ങളും 9050 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സഞ്ജയ് കുമാറിനെ ജയിലിൽ വച്ചാണ് സലിം പരിചയപ്പെടുന്നത്. 2011ൽ മോഷണക്കേസിൽ മടിക്കേരി ജയിലിൽ കഴിയുമ്പോഴായിരുന്നു ഇത്. ഇതിനു ശേഷം കുശാൽനഗർ, മടിക്കേരി, ഹുൻസൂർ, പെരിയപട്ടണം, കേരളത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇരുവരും കവർച്ച നടത്തിയതായും വിരാജ്പേട്ട പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com