ബവ്റിജസ് ഒൗട്ലെറ്റിൽനിന്നു മദ്യം മോഷ്ടിച്ചു; 3 യുവാക്കൾ അറസ്റ്റിൽ
Mail This Article
കേളകം ∙ ബവ്റിജസ് കോർപറേഷന്റെ കേളകത്തെ ഒൗട്‌ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവാക്കളെ കേളകം എസ്ഐ വി.വി.ശ്രീജേഷ് അറസ്റ്റ് ചെയ്തു. തിരുവോണപ്പുറം കോളനിയിലെ അമ്പാടി രഞ്ജിത്ത്, പ്രഷിത്ത്, ചതിരൂർ കോളനികളിലെ അപ്പുണ്ണി എന്ന രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 16 ന് രാത്രിയിലാണ് കേളകത്തെ ബവ്റിജസ് കോർപറേഷൻ ഒൗട്ട്‌ലെറ്റിൽ നിന്ന് ഇവർ മദ്യം മോഷ്ടിച്ചത്.
ഒൗട്‌ലെറ്റിന്റെ പിന്നിലെ ജനൽ ഗ്ലാസ് തകർത്ത ശേഷം 23 മദ്യക്കുപ്പികൾ മോഷ്ടിച്ചു. 17 കുപ്പി മദ്യം സമീപത്തെ ടയർ കടയുടെ പിന്നിൽ നിന്ന് കണ്ടെടുത്തു. രാത്രി പട്രോളിങ്ങിന് പോയ പൊലീസ് സംഘം വഴിയിൽ മദ്യ കുപ്പികൾ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒൗട്‍ലെറ്റിൽ മോഷണം നടന്നതായി കണ്ടെത്തിയത്. പിടിയിലായ യുവാക്കൾക്ക് എതിരെ മുഴക്കുന്ന്, ഇരിട്ടി, പേരാവൂർ, കേളകം സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്.