ADVERTISEMENT

ഇരിട്ടി∙ സിബിഐ ചമഞ്ഞ് തട്ടിപ്പിനു ശ്രമം. ജാഗ്രത പാലിച്ചതിനാൽ നൃത്താധ്യാപകൻ കെണിയിൽ പെടാതെ രക്ഷപ്പെട്ടു. ചിദംബരം കലാക്ഷേത്രം ഉടമ        കെ.എം.കൃഷ്ണനെയാണ് ചെന്നൈയിൽ നിന്നുള്ള സിബിഐ ഓഫിസർ എന്ന നിലയിൽ ഫോണിൽ വിളിച്ചു  കബളിപ്പിക്കാൻ ശ്രമം നടത്തിയത്. ഓഗസ്റ്റ് 10 നാണ് സംഭവം. സിബിഐ ഓഫിസർ എന്നു സ്വയം പരിചയപ്പെടുത്തി ഹിന്ദിയിൽ ആയിരുന്ന സംസാരം. ഹിന്ദി അറിയില്ലെന്നു പറഞ്ഞതോടെ ഇംഗ്ലിഷിലായി സംസാരം.   

ചെന്നൈയിൽ പഠിക്കുന്ന മകളെ സിബിഐ അറസ്റ്റ് ചെയ്തതായും ഉടൻ ചെന്നൈയിൽ എത്താനുമാണു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. മകളുടെ 3 കൂട്ടുകാരികളുടെ  പേരുകളും ഉദ്യോഗസ്ഥർ കൃത്യമായി പറഞ്ഞു. അവർ 3 പേരും ലഹരിമരുന്നിനു അടിമകളാണെന്നും തങ്ങളുടെ കസ്റ്റഡിയിൽ ആണെന്നും താങ്കളുടെ മകൾ നിരപരാധിയാണെന്നു തോന്നിയതു കൊണ്ടാണു സംസാരിക്കുന്നതെന്നും  പിന്നീട് പറഞ്ഞു.  മകളുടെ കൂട്ടുകാരികളെ തനിക്കറിയാമെന്നും അവർ ലഹരി മരുന്ന് ഉപയോഗിക്കില്ലെന്നും പറഞ്ഞതോടെ തങ്ങൾ ഇമോഷനലാകാതെ ഇരിക്കാൻ പറഞ്ഞു ആശ്വസിപ്പിക്കലായി.

ഇതിനിടെ മകൾക്കു ഫോൺ കൊടുക്കാമെന്നു പറഞ്ഞു. ഉടൻ അച്ചാ എന്നുള്ള നിലവിളിയും പിറകിൽ നിന്നുള്ള കുട്ടികളുടെ കൂട്ടക്കരച്ചിലും കേട്ടതോടെ താനും ഒന്നു പതറിപ്പോയതായി കെ.എം.കൃഷ്ണൻ പറഞ്ഞു. ഇതോടെ മകൾ നിരപരാധി ആയതിനാൽ മകളെ മാത്രം ഒഴിവാക്കാമെന്നും കേസ് ഒതുക്കി തീർക്കാൻ 2500 രൂപ വച്ചു 10 ഉദ്യോഗസ്ഥർക്കു 25000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ സമചിത്തത വീണ്ടെടുത്ത കെ.എം.കൃഷ്ണൻ ഫോൺ കട്ട് ചെയ്തു മകളെ വിളിച്ചു. 

മകളും സുഹൃത്തുക്കളും ചെന്നൈ കലാക്ഷേത്രയുടെ ഹോസ്റ്റലിൽ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതോടെ ഉടൻ ഇരിട്ടി എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണന്റെ അടുത്തെത്തി. ഇതിനിടെ നിരവധി തവണ ചെന്നൈ സിബിഐ ഓഫിസർ വിളിച്ചു കൊണ്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വന്ന കോൾ എടുത്തു എസ്എച്ച്ഒയ്ക്കു നൽകി. അദ്ദേഹത്തോടും താൻ സിബിഐ ഓഫിസറാണെന്ന് തന്നെയായിരുന്നു അവകാശവാദം. പൊലീസ് സ്റ്റൈലിൽ സംസാരിച്ചതോടെയാണ് സിബിഐ ഓഫിസർ ഒതുങ്ങിയത്.

ആളുകളെ വിശ്വസിപ്പിക്കുന്ന രീതിയിൽ സെറ്റിട്ടു ആശുപത്രിയും പൊലീസ് സ്റ്റേഷനും ഉൾപ്പെടെ എല്ലാം ഒരുക്കിയാണു തട്ടിപ്പ് നടത്തുന്നത്. കൃഷ്ണൻ മന:സാന്നിധ്യം വീണ്ടെടുത്തു മകളെ വിളിക്കാൻ കാണിച്ച ധൈര്യമാണു രക്ഷയായത്.ഇത്തരം കോൾ വന്നാൽ പൊലീസിൽ ഉടൻ വിവരം നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com