വഴിതെറ്റിയെത്തിയ ബാലനെ തിരിച്ച് നാട്ടിലേക്കയച്ചു
Mail This Article
തലശ്ശേരി∙ വീട്ടുകാർ അറിയാതെ ട്രെയിനിൽ കയറി കണ്ണൂരിൽ എത്തിയ ഹൈദരാബാദ് സ്വദേശിയായ 15 വയസ്സുള്ള ബാലന് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്റഫിന്റെ ഇടപെടലിൽ 15 മിനിറ്റിനകം രക്ഷിതാക്കളെ കണ്ടെത്താനായി. ഇതോടെ ഒരാഴ്ചയായി ഹൈദരാബാദിൽ മകനെ കാണാതെ വിഷമിച്ചിരിക്കുന്ന മാതാവിനും ബന്ധുക്കൾക്കും ആശ്വാസമായി. തിങ്കളാഴ്ച രാവിലെ യശ്വന്ത്പൂർ എക്സ്പ്രസിൽ കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയ ഹൈദരാബാദ് സ്വദേശിയായ ഫിറോസിനെ ആർപിഎഫ് ആണ് കണ്ടെത്തിയത്.
ശാരീരികമായി ചെറിയ അവശതയുള്ള ബാലനെ ഉടനെ തലശ്ശേരിയിൽ സിഡബ്ള്യുസി മുൻപാകെ ഹാജരാക്കി. കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കാൻ കമ്മിറ്റി ഉത്തരവായി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷ്റഫ് കുട്ടിയോട് വീട്ടുകാരെ കുറിച്ച് ചോദിച്ചു. ഹൈദരാബാദിൽ ദർഗയ്ക്കടുത്താണ് വീട് എന്ന് പറഞ്ഞ കുട്ടിയെ നെറ്റിൽ ഹൈദരാബാദിലെ ഒട്ടേറെ ദർഗകൾ സൂപ്രണ്ട് കാട്ടിയപ്പോൾ അതിലൊന്ന് ചൂണ്ടി അതിനടുത്താണ് വീടെന്ന് പറഞ്ഞു. അതിന് സമീപത്തായി കിടക്കുന്ന ഡ്രൈവിങ് സ്കൂളിന്റെ വണ്ടിയിൽ എഴുതിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഉടമയെ കിട്ടി.
കുട്ടിയുടെ വിവരങ്ങൾ പറഞ്ഞപ്പോൾ തനിക്ക് അറിയാവുന്ന വീട്ടുകാരാണെന്ന് മറുപടി. പിന്നീട്, കുട്ടിയുടെ മാതാവിന്റെ നമ്പർ വാങ്ങി വിഡിയോ കോൾ ചെയ്തു അഷ്റഫും സഹപ്രവർത്തകരും. കുട്ടിയെ മാതാവിന് കാണിച്ചുകൊടുത്തു. പൊട്ടിക്കരഞ്ഞു കൊണ്ട് മാതാവ് മകനോട് സംസാരിച്ചു. ഇന്നലെ മാതൃസഹോദരൻ സയ്യിദ് മിഹറാജ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഭാരവാഹികൾക്ക് മുൻപാകെ എത്തി തെളിവുകൾ ഹാജരാക്കി കുട്ടിയെ ഏറ്റുവാങ്ങി. കഴിഞ്ഞ 26ന് ഹൈദരാബാദിൽ നിന്ന് ട്രെയിനിൽ കയറി ബെംഗളൂരുവിലെത്തി. അവിടെ നിന്നാണ് യശ്വന്ത്പൂർ എക്സ്പ്രസിൽ കയറിയത്.