സൗകര്യങ്ങൾ പരിമിതം; വീർപ്പുമുട്ടി തലശ്ശേരി ജനറൽ ആശുപത്രി
Mail This Article
തലശ്ശേരി ∙ നഗരമധ്യത്തിലെ തിരക്കിൽ നിന്ന് ആശുപത്രി മാറ്റുമെന്നും ഭാവിയിൽ സൗകര്യപൂർവം ചികിത്സ തേടാമെന്നും പ്രതീക്ഷിച്ച തലശ്ശേരിവാസികൾക്ക് തിരിച്ചടിയാണ് നഗരസഭയുടെ നിലപാടെന്ന് വിമർശനം. അത്യാഹിത വിഭാഗത്തിലേക്ക് പോലും രോഗിയെ എത്തിക്കാൻ പെടാപ്പാട് പെടേണ്ട സ്ഥിതിയാണിപ്പോൾ. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന തലശ്ശേരി ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം ആശുപത്രിയുടെ ഏറ്റവും പിറകിലാണ്. മത്സ്യമാർക്കറ്റിൽ നിന്നുള്ള വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ മൂപ്പൻസ് റോഡിലൂടെ വേണം അത്യാസന്ന നിലയിലുള്ള രോഗിയുമായി വാഹനങ്ങൾ കാഷ്വാലിറ്റിയിൽ എത്താൻ.
ദിവസവും ആയിരത്തിലേറെ രോഗികൾ ഒപിയിലും എത്തുന്നുണ്ട്. ഇവർക്ക് നിന്നു തിരിയാനിടമില്ലാത്ത വിധം തിരക്കാണിവിടെ. ഫാർമസിയുടെയും സ്ഥിതി ഇതു തന്നെ. സദാ സമയവും ഫാർമസിക്ക് മുൻപിൽ നീണ്ട നിര കാണാം. ആശുപത്രി കണ്ടിക്കലിലേക്ക് മാറുന്നതോടെ ഈ ദുരിതങ്ങൾക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. അമ്മയും കുഞ്ഞും ആശുപത്രിയും സമീപത്തുള്ളതിനാൽ ചികിത്സാ ആവശ്യങ്ങൾക്കായി പലയിടത്തായി ഓടേണ്ട സ്ഥിതിയും ഉണ്ടാവില്ലായിരുന്നു.
ജനകീയ കൂട്ടായ്മയിൽ ധനസമാഹണം നടത്തി വാങ്ങിയ 2.52 ഏക്കർ ഭൂമിയിലാണ് അമ്മയും കുഞ്ഞും ആശുപത്രിക്ക് കെട്ടിടമുയരുന്നത്. നാട്ടുകാർ ഭൂമി നൽകിയാൽ കെട്ടിടം സർക്കാർ നിർമിക്കുമെന്ന വാഗ്ദാനം ഉമ്മൻചാണ്ടി സർക്കാരിന്റേതായിരുന്നു. തുടർന്ന് അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ ചെയർമാനും എംഎൽഎയായിരുന്ന കോടിയേരി ബാലകൃഷ്ണൻ കൺവീനറുമായ കമ്മിറ്റിയാണ് ധനസമാഹരണം നടത്തിയത്. കണ്ടിക്കലിൽ ഭൂമി വാങ്ങി ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജ 2021 ഫെബ്രുവരിയിൽ അമ്മയും കുഞ്ഞും ആശുപത്രിക്ക് തറക്കല്ലിടുകയും ചെയ്തു. നിലവിൽ 25 ശതമാനം പണികൾ പൂർത്തിയായിട്ടുണ്ട്.
ഇതിനോടു ചേർന്ന് നഗരസഭയുടെ കൈവശമുള്ള 5.28 ഏക്കർ ഭൂമിയിൽ നിന്ന് അഞ്ചേക്കർ ഉപയോഗിച്ച് കെട്ടിട സൗകര്യമൊരുക്കി നഗരമധ്യത്തിൽ നിന്ന് ജനറൽ ആശുപത്രി ഇവിടേക്ക് മാറ്റാനായിരുന്നു ആലോചിച്ചിരുന്നത്. പകരം നഗരമധ്യത്തിൽ നിലവിൽ ജനറൽ ആശുപത്രി നിൽക്കുന്ന 3.87 ഏക്കർ ഭൂമി നഗരസഭയ്ക്ക് വിട്ടുനൽകാനും ധാരണയായി. തുടർന്ന് കെട്ടിട നിർമാണത്തിന് ആദ്യഗഡുവായി രണ്ടു വർഷം മുൻപ് സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ രണ്ടര ഏക്കർ ഭൂമിയേ വിട്ടുനൽകാൻ കഴിയൂ എന്ന് കഴിഞ്ഞ ദിവസം ചേർന്ന നഗരസഭായോഗം തീരുമാനിച്ചതോടെയാണ് ജനറൽ ആശുപത്രി പുനർനിർമാണം അനിശ്ചിതത്വത്തിലായത്.