പ്രതിനിധികൾ ഒന്നടങ്കം ബഹിഷ്കരിച്ചു, ഉദ്ഘാടകൻ മടങ്ങിപ്പോയി; എം.വി.ഗോവിന്ദന്റെ നാട്ടിൽ സിപിഎം സമ്മേളനം മുടങ്ങി
Mail This Article
മൊറാഴ ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാട്ടിൽ ബ്രാഞ്ച് സമ്മേളനം പ്രതിനിധികൾ ഒന്നടങ്കം ബഹിഷ്കരിച്ചു. മൊറാഴ ലോക്കൽ കമ്മിറ്റിക്കു കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് സെക്രട്ടറി ഉൾപ്പെടെ മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചതിനാൽ മുടങ്ങിയത്. ഇതോടെ, ഏരിയ കമ്മിറ്റിയിൽ നിന്നെത്തിയ ഉദ്ഘാടകനും ലോക്കൽ കമ്മിറ്റി പ്രതിനിധികളും മടങ്ങിപ്പോയി. നാട്ടിലെ അങ്കണവാടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നേതാക്കൾ പ്രാദേശിക നേതൃത്വം അറിയാതെ തെറ്റായ തീരുമാനമെടുത്തതായി ആരോപിച്ചാണു ബഹിഷ്കരണം.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഏറെ അറിയപ്പെടുന്ന സാമ്രാജ്യത്വ വിരുദ്ധ കർഷക സമരം നടന്ന പ്രദേശമാണ് മൊറാഴ. അവിടെയാണ് ചരിത്രത്തിൽ ആദ്യമായി പാർട്ടി സമ്മേളനം സംഘടിതമായി ബഹിഷ്കരിച്ചത്. ആന്തൂർ നഗരസഭയിലെ ദേവർകുന്ന് അങ്കണവാടിയിൽ ജീവനക്കാരി കുട്ടികളെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിൽ ആരോപണ വിധേയയായ ജീവനക്കാരിയെ അടുത്തുള്ള സ്ഥലത്തേക്കും ഇതിൽ ഉൾപ്പെടാത്ത ജീവനക്കാരിയെ ദൂരസ്ഥലത്തേക്കും മാറ്റി. കുറ്റക്കാരിയല്ലാത്ത ജീവനക്കാരിയെ ദൂരസ്ഥലത്തേക്കു മാറ്റിയതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബ്രാഞ്ചിലെ 14 അംഗങ്ങളും സമ്മേളനം ബഹിഷ്കരിച്ചത്. നേതാക്കൾ ഇടപെട്ടിട്ടും പ്രതിഷേധം അവസാനിച്ചില്ല.