കല്യാശ്ശേരിയിൽ വായ്പ തിരിച്ചടച്ചില്ല; പാർട്ടിക്കു വേണ്ടി കടമെടുത്ത് അണികൾ കെണിയിൽ
Mail This Article
കണ്ണൂർ ∙ സഹകരണ സ്ഥാപനങ്ങളിൽനിന്ന് പാർട്ടി അംഗങ്ങളുടെ പേരിൽ ബെനാമി വായ്പയെടുത്തു തിരിച്ചടയ്ക്കാതെ പ്രാദേശിക നേതൃത്വം അണികളെ കടക്കെണിയിൽ അകപ്പെടുത്തുന്നതായി സിപിഎമ്മിൽ ആക്ഷേപം. വായ്പ തിരിച്ചടപ്പിക്കാൻ ഉന്നത നേതൃത്വം ഇടപെട്ടില്ലെങ്കിൽ മറ്റൊരു കരുവന്നൂർ മോഡൽ തട്ടിപ്പിനു സമാധാനം പറയേണ്ടി വരുമെന്നാണ് അണികളുടെ മുന്നറിയിപ്പ്.
കല്യാശ്ശേരി മേഖലയിലാണു സഹകരണ സ്ഥാപനങ്ങളുടെ മറവിൽ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകൾ ചർച്ചയാകുന്നത്. പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളിന്റെ ബാധ്യത തീർക്കാനെന്നു പറഞ്ഞ് സിപിഎം അംഗങ്ങളുടെ പേരിൽ സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ നേതാക്കൾ തിരിച്ചടയ്ക്കുന്നില്ലെന്നാണു പരാതി. ഒരു വർഷമായി ഈ വിഷയം നിലനിൽക്കുകയാണെന്നും പരിഹരിക്കാൻ ഉന്നത നേതൃത്വം ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. രണ്ടു വർഷം മുൻപെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന് നോട്ടിസ് വന്നപ്പോഴാണ് അറിയുന്നത്.
വായ്പ എടുക്കുന്ന വിവരം ബന്ധപ്പെട്ട അംഗങ്ങളെ അറിയിച്ചെങ്കിലും തിരിച്ചടയ്ക്കുന്നില്ലെന്ന വിവരം അതുവരെ ആരും അറിഞ്ഞിരുന്നില്ല. സഹകരണ മേഖലയുടെ നടത്തിപ്പു സംശുദ്ധമായിരിക്കണമെന്ന പാർട്ടി നിർദേശം നിലവിലുള്ളപ്പോഴാണ് ഇത്തരം ആക്ഷേപങ്ങൾ പ്രചരിക്കുന്നത്. ചില ബ്രാഞ്ച് സമ്മേളനങ്ങളിലും ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്നുണ്ട്. സഹകരണ സ്ഥാപന നടത്തിപ്പും തദ്ദേശ സ്ഥാപന നടത്തിപ്പുമാണു ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാനമായും വിമർശന വിധേയമാകുന്നത്.