മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടതു ചിന്തകന്റെ പുസ്തകം
Mail This Article
തലശ്ശേരി∙ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടതു ചിന്തകനും എഴുത്തുകാരനുമായ എം.പി.രാധാകൃഷ്ണന്റെ പുതിയ പുസ്തകം. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ‘മൃത്യുസന്ധി എഴുത്തിന്റെ പണിപ്പുരകൾ’ എന്ന പുസ്തകത്തിൽ ‘സിദ്ധാർഥന്റെ കൊലപാതകവും സമകാലിക രാഷ്ട്രീയ ഭീകരതകളും’ എന്ന അധ്യായത്തിലാണ് രാധാകൃഷ്ണന്റെ വിമർശനം. പുസ്തകത്തിൽ നിന്ന്: ലോകം കത്തിയെരിയുമ്പോൾ ക്ലിഫ് ഹൗസ് എന്ന രാവണൻ കോട്ടയിൽ ഭയപ്പാടോടെ, എന്നാൽ സമ്പൂർണ സുരക്ഷിതനായി ജനങ്ങളിൽനിന്ന് ഒളിച്ചു കഴിയുന്ന മുഖ്യമന്ത്രിയാണ് ഇന്നത്തെ എല്ലാ രാഷ്ട്രീയ അരാജകത്വത്തിന്റെയും ഉത്തരവാദി.
കേരളീയ ജനാധിപത്യത്തിന്റെ അന്തഃസത്ത നശിപ്പിച്ചത് വിജയനാണ്. അങ്ങേയറ്റം ക്രിമിനൽവൽക്കരിക്കപ്പെട്ട പൊതുമണ്ഡലത്തിന്റെ സൂത്രധാരനും മറ്റാരുമല്ല. പൂക്കോട് കലാലയത്തിൽ സിദ്ധാർഥനെന്ന ഉദ്ബുദ്ധനായ യുവാവ് ആസൂത്രിതമായി കൊലചെയ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി മൗനത്തിലായിരുന്നു. ആ മൗനം ഇപ്പോഴും തുടരുന്നു. കാളപ്പോരുകളിൽ കാണാറുള്ള വളർത്തുകാളകളെപ്പോലെയാണ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനു മേൽ സഹപാഠികൾ അക്രമം കാട്ടിയത്.
ഹിറ്റ്ലറുടെ വാതക ചേംബറുകളിലേക്ക് നിയോഗിക്കപ്പെട്ട തടവുപുള്ളികൾക്ക് അവരെ ശ്വാസം മുട്ടിച്ചു കൊല്ലുന്നതിന് മുൻപ് ഭക്ഷണം നൽകിയിരുന്നു. മൂന്നുദിവസം പൂർണമായും പട്ടിണിക്കിട്ട് ചവിട്ടിയും കുത്തിയും ഇടിച്ചുമാണ് സിദ്ധാർഥനെ സഹപാഠികൾ കൊന്ന് കെട്ടിത്തൂക്കിയത്. പ്രാണൻ വെടിയുന്നതിന് മുൻപ് ചരിത്രത്തിൽ സമാനമില്ലാത്ത ധാർഷ്ട്യത്തോടെ യുവകൊലയാളികൾ ഞാൻ ഒരു എസ്എഫ്ഐ പ്രവർത്തകനാണ് എന്ന പേടിപ്പിക്കുന്ന ഏറ്റുപറച്ചിലും സിദ്ധാർഥനെക്കൊണ്ട് ചെയ്യിച്ചിരുന്നുവെന്നും രാധാകൃഷ്ണൻ പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയെയും കണക്കറ്റ് വിമർശിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജനതയുമായി സംവദിക്കാൻ ബാധ്യസ്ഥനായ ഒരു മേധാവി, അർഥവത്തായ മുഹൂർത്തങ്ങളിൽ കുറ്റകരമാംവിധം മൗനത്തിലേക്ക് മടങ്ങുന്ന ഭരണാധികാരി തെളിച്ചു പറഞ്ഞാൽ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടുന്നു. പുസ്തകം ദ് ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ.രാജഗോപാൽ പ്രകാശനം ചെയ്തു. ഇടതു സൈദ്ധാന്തികൻ ചൂര്യയി ചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. എം.കെ. രാജു അധ്യക്ഷത വഹിച്ചു. കെ.കെ. സുരേന്ദ്രൻ, ചൂര്യയി ചന്ദ്രൻ, രവീന്ദ്രൻ കണ്ടോത്ത്, എ.കെ. ഷിബുരാജ്, എം.പി. ബാലറാം, ഗ്രന്ഥകാരൻ എം.പി. രാധാകൃഷ്ണൻ, ഡോ. ബിപിൻ ബാലറാം എന്നിവർ പ്രസംഗിച്ചു. തുടർന്ന് കബീർ ഇബ്രാഹിം ഗസൽ അവതരിപ്പിച്ചു.