അമ്മ വീണതറിഞ്ഞ് നേരത്തേ നാട്ടിലേക്ക് പുറപ്പെട്ടു; വീടിനരികെ ജീവിതത്തിൽനിന്ന് മടക്കം
Mail This Article
മാഹി ∙ അമേരിക്കയിൽനിന്നു നാട്ടിലെത്തിയ മാഹി ചാലക്കര സ്വദേശിയുമായി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു വന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരനും കാറിന്റെ ഡ്രൈവറും മരിച്ചു. മുക്കാളി ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ഇന്നലെ പുലർച്ചെയാണ് അപകടം. കാർ യാത്രക്കാരൻ ചാലക്കര ശ്രീനാരായണ മഠത്തിനു സമീപം കളത്തിൽ ഷജിൽ (53), കാർ ഡ്രൈവർ ന്യൂമാഹി പൊലീസ് സ്റ്റേഷൻ റോഡിൽ പാറാൽ കോമത്ത് വീട്ടിൽ ജുബിൻ (38) എന്നിവരാണ് മരിച്ചത്.
യുഎസിൽ ഐടി എൻജിനീയറായ ഷജിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് അപകടം. ജുബിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തെറിച്ചുവീണ ഷജിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. കളത്തിൽ പരേതനായ രത്നാകരന്റെയും പ്രസന്നയുടെയും മകനാണ് ഷജിൽ. ഭാര്യ ശീതൾ. മക്കൾ: സിദ്ധാന്ത്, സാൻവി. സഹോദരങ്ങൾ: പ്രഷീൽ(യുഎസ്എ), വിപിൻ (യുകെ). സംസ്കാരം പിന്നീട്. മാണിക്കോത്ത് ജയന്റെയും കോമത്ത് ബീനയുടെയും മകനാണ് ജുബിൻ. സഹോദരൻ: ജിജിൻ. ജുബിന്റെ സംസ്കാരം നടത്തി. ജുബിൻ യൂത്ത് കോൺഗ്രസ് കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.
വീടിനരികെ, ജീവിതത്തിൽനിന്ന് മടക്കം
മാഹി ∙ മകനെ വരവേൽക്കാനൊരുങ്ങിയ പ്രസന്ന ഇനി ആ മകനില്ലെന്ന വിവരം എങ്ങനെ ഉൾക്കൊള്ളുമെന്ന വേദനയിലാണ് കുടുംബം. മകൻ വരുന്നതറിഞ്ഞ് സ്വീകരിക്കാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് കഴിഞ്ഞദിവസം പ്രസന്ന കാൽതെന്നി വീണത്. ശസ്ത്രക്രിയയ്ക്കുശേഷം ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്താനിരിക്കെയാണ് ദേശീയപാതയിൽ മുക്കാളിയിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ മകൻ ഷജിൽ മരിച്ചത്. അമ്മ വീണതറിഞ്ഞ ഷജിൽ തീരുമാനിച്ചതിലും നേരത്തേ നാട്ടിലേക്ക് പുറപ്പെട്ടതാണ്.
ഇന്നലെ പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങി നാട്ടിൽ നിന്നെത്തിയ കാറിൽ സഞ്ചരിക്കുമ്പോൾ വീട്ടിലെത്താൻ ഏതാനും കിലോമീറ്റർ മാത്രമുള്ളപ്പോഴായിരുന്നു അപകടം. അമേരിക്കയിൽ തന്നെയുള്ള സഹോദരൻ പ്രഷീലും യുകെയിലുള്ള സഹോദരൻ വിപിനും കുടുംബവും നാട്ടിലേക്കു വരാനുള്ള ഒരുക്കം പൂർത്തിയാക്കിയിരുന്നു. ഷജിലിന്റെ ഭാര്യയും കുട്ടികളും നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിലായിരുന്നു. അമ്മയെ കാണാൻ പുറപ്പെട്ട ഷജിൽ അമ്മയെയും കുടുംബാംഗങ്ങളെയും വിട്ട് യാത്രയായത് കളത്തിൽ വീടിനു താങ്ങാൻ കഴിയാതെയായി.
ഡ്രൈവർ ന്യൂമാഹി പൊലീസ് സ്റ്റേഷൻ റോഡിൽ പാറാൽ കോമത്ത് വീട്ടിൽ ജുബിനും അപകടത്തിൽ മരിച്ചു. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇന്നലെ കെട്ടുപോയത്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പിതാവ് രോഗിയാണ്. യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം മുൻ പ്രസിഡന്റും നിലവിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് ജുബിൻ. പത്ത് വർഷത്തോളമായി ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട യുവ രാഷ്ട്രീയ നേതാവിനെ നഷ്ടപ്പെട്ട വേദനയിലാണ് സഹപ്രവർത്തകരും നാട്ടുകാരും. പാറാലിലെ വീട്ടുവളപ്പിൽ ഇന്നലെ വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.