കരിവെള്ളൂരുകാരുടെ സ്വന്തം എംഎ, എംഎസ്‌സി
Mail This Article
കരിവെള്ളൂർ∙ കരിവെള്ളൂരുകാർക്ക് എംഎ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ ഓടിയെത്തുക എം.എ.ഭാസ്കരൻ മാഷും എംഎസ്‌സി എന്നാൽ എം.എസ്.സി.നാരായണൻ മാഷുമാണ്. പേരിനൊപ്പം വിദ്യാഭ്യാസ യോഗ്യത ചേർത്ത അധ്യാപകരാണ് ഇരുവരും. മഠത്തിൽ അരയാക്കിൽ എന്നാണ് ഭാസ്കരന്റെ വീട്ടുപേര്. അതിനാൽ സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ എംഎക്കാരൻ എന്നു വിളിച്ചു. ഇതുകേട്ട ഭാസ്കരന്(71) എംഎ നേടണമെന്നായി ആഗ്രഹം.
1972ൽ ടിടിസി പഠനം പൂർത്തിയാക്കി 1974 അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ജോലി ചെയ്തുകൊണ്ട് മദ്രാസ് സർവകലാശാലയിൽ നിന്ന് എംഎ നേടി. ഒരു വിഷയത്തിലല്ല, മൂന്നു വിഷയങ്ങളിൽ(ഹിന്ദി, ഇംഗ്ലിഷ്, സോഷ്യോളജി). കരിവെള്ളൂരിലെ ആദ്യ ‘ട്രിപ്പിൾ എംഎ’ക്കാരൻ കൂടിയായ ഭാസ്കരൻ 2008ൽ ഹോസ്ദുർഗ് ഉപജില്ലയിൽ നിന്ന് ബിപിഒ ആയാണു വിരമിച്ചത്. പി.വി.നാരായണനാണ്(78) കരിവെള്ളൂരിലെ ആദ്യ എംഎസ്സിക്കാരൻ.
1962 ൽ ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പാസായ നാരായണനു വെല്ലുവിളിയായതു സാമ്പത്തിക പ്രതിസന്ധികളാണ്. എങ്കിലും, പഠനം നിർത്തിയില്ല. അങ്ങനെ, 1968ൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് എംഎസ്‌സി ബോട്ടണി പാസായി. ഇതോടെ പി.വി.നാരായണൻ കരിവെള്ളൂർക്കാർക്ക് എംഎസ്‌സി നാരായണനായി. 2001ൽ കരിവെള്ളൂർ എവിഎസ്ജി എച്ച്എസ്എസിൽ നിന്ന് ഹയർ സെക്കൻഡറി അധ്യാപകനായി വിരമിച്ചു. പഞ്ചായത്തംഗം ആയിരുന്നു.
നിധിയാണ് ഈ കസേര
ഇരിക്കൂർ∙ തന്റെ അധ്യാപകൻ ഇരുന്ന കസേര നിധിപോലെ സൂക്ഷിക്കുകയാണ് ഊരത്തൂരിലെ സി.വി.കുഞ്ഞനന്തൻ. 1950-64 കാലഘട്ടത്തിൽ ഊരത്തൂർ എഎൽപി സ്കൂൾ അധ്യാപകനായിരുന്ന സി.ഗോപാലൻ നമ്പ്യാർ ഇരുന്ന കസേരയാണ് സി.വി.കുഞ്ഞനന്തൻ 60 വർഷത്തിലേറെയായി സൂക്ഷിക്കുന്നത്. ഒരിക്കൽ കസേരയുടെ കൈ ഒടിഞ്ഞതിനെ തുടർന്ന് കുഞ്ഞനന്തന്റെ അച്ഛന്റെ കടയിൽ കസേര നന്നാക്കാൻ കൊടുത്തു.
തൽക്കാലത്തേക്ക് മറ്റൊരു കസേര ഗോപാലൻ നമ്പ്യാർക്കു നൽകുകയും ചെയ്തു. പിന്നീട് ഗോപാലൻ നമ്പ്യാർ കാഞ്ഞിരോട് സ്കൂളിലേക്കു മാറി. കുറച്ചു കാലം കടയിൽ തന്നെ സൂക്ഷിച്ച കസേര പിന്നീട് ഗോപാലൻ നമ്പ്യാരുടെ അനുമതിയോടെ കുഞ്ഞനന്തൻ വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ഊരത്തൂർ എഎൽപി സ്കൂൾ പ്രധാനാധ്യാപകനായി 2010 ൽ ആണ് കുഞ്ഞനന്തൻ വിരമിച്ചത്.