സിനിമയ്ക്കൊപ്പം നാടകത്തെയും പ്രണയിച്ച കലാകാരൻ; വിപിആർ ഇനി ഓർമ
Mail This Article
പയ്യന്നൂർ ∙ സിനിമയ്ക്കൊപ്പം നാടകത്തെയും പ്രണയിച്ച കലാകാരനായിരുന്നു വി.പി. രാമചന്ദ്രൻ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട വിപിആർ. പയ്യന്നൂർ ഹൈസ്‌കൂളിൽ നാടകവും പ്രഛന്നവേഷവും പാട്ടുമായി നടന്ന പയ്യൻ പതിനാറാം വയസ്സിൽ കാനത്തിന്റെ ‘കലയും ചങ്ങലയും’ എന്ന നാടകം സംവിധാനം ചെയ്‌ത് ഡൽഹിയിൽ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടർന്ന് കെ.ടി.മുഹമ്മദിന്റെ കറവറ്റ പശു, കാലടി ഗോപിയുടെ ഏഴു രാത്രികൾ തുടങ്ങി ഒട്ടനവധി നാടകങ്ങളിൽ പ്രധാന നടനായി അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.
എയർഫോഴ്‌സിൽ 15 വർഷത്തെ ജോലിക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു. ഡോക്‌ടർ, തൂവലും തുമ്പയും, കടൽ പാലം, വിശ്വരൂപം, അശ്വമേധം, ശരശയ്യ, തുലാഭാരം, മാർത്താണ്ഡവർമ, യുദ്ധഭൂമി, പുത്രകാമേഷ്‌ടി, ജ്വാല, സിമത്തേരി, സമസ്യ, സമാവർത്തനം, സൃഷ്‌ടി, സർച്ച്‌ലൈറ്റ് തുടങ്ങി മുന്നൂറിലധികം നാടകങ്ങൾ സംവിധാനം ചെയ്‌തു. എയർഫോഴ്‌സ് വിട്ട ശേഷം ബെംഗളൂരുവിൽ കലിയുഗ തിയറ്റേഴ്സ് എന്ന സമിതിക്ക് രൂപം നൽകി.
കലിയുഗയുടെ നാടകങ്ങൾ കേരളത്തിനകത്തും പുറത്തും 1500ലധികം വേദികളിൽ അവതരിപ്പിച്ചിരുന്നു. സംഗീത നാടക അക്കാദമി പുരസ്‌കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും രാമചന്ദ്രനെ തേടിയെത്തി. അൻപതിലധികം മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ചു. 27 സീരിയലുകളും ടെലിസിനിമകളും നിർമിച്ച് സംവിധാനം ചെയ്‌തു. പയ്യന്നൂരിന്റെ കലാരംഗത്തെ നിറസാന്നിധ്യമായിരുന്ന അത്തായി രാമപൊതുവാളുടെ മകനാണ് രാമചന്ദ്രൻ.
അധ്യാപകനായിരുന്ന രാമപൊതുവാൾ നാടക നടനും സംവിധായകനുമായിരുന്നു. രോഗാവസ്ഥയിലും 5 മാസം മുൻപു വരെ പയ്യന്നൂരിൽ നാടകം സംവിധാനം ടെയ്ത് അരങ്ങിലെത്തച്ചിട്ടുണ്ട്. നാടക-സീരിയൽ രംഗത്തെ മികവുറ്റ സംഭാവനകൾ പരിഗണിച്ച് പുണെ ആസ്‌ഥാനമായുളള വാഗ്‌ദേവതയുടെ 2012ലെ പുരസ്‌കാരം പുണെ മേയർ യോഗേഷ് ബഹലിൽ നിന്നും സ്വീകരിച്ചിരുന്നു. കർണാടകത്തിലെ ധീരയായ വനിത വീണാധരിയുടെ ജീവിതം സിനിമയാക്കാനുള്ള മോഹം ബാക്കിവച്ചാണ് ഈ കലാകാരൻ അരങ്ങൊഴിഞ്ഞത്.
നടനും സംവിധായകനുമായ വി.പി.രാമചന്ദ്രൻ അന്തരിച്ചു
പയ്യന്നൂർ ∙ സിനിമ, സീരിയൽ, നാടക നടനും സംവിധായകനുമായ പയ്യന്നൂർ മഹാദേവഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന്. റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. അൻപതിലധികം മലയാള സിനിമകളിലും 10 തമിഴ് സിനിമകളിലും നൂറിലധികം സീരിയലുകളിലും അഭിനയിച്ചു.
ബെംഗളൂരു കേന്ദ്രീകരിച്ച് കലിയുഗ തിയറ്റേഴ്സ് എന്ന സമിതിക്ക് രൂപം നൽകി. 300ൽ അധികം നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. യുഎസ്എ, കാനഡ എന്നിവിടങ്ങളിലും നാടകങ്ങൾ അവതരിപ്പിച്ചു. സംഗീത നാടക അക്കാദമിയുടെ അവാർഡ്, കലാപ്രതിഭ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഉറൂബിന്റെ ഉമ്മാച്ചു, ആനന്ദിന്റെ നാലാമത്തെ ആണി എന്നീ കഥകൾക്ക് നാടകരൂപം നൽകി.
പ്രശസ്ത നർത്തകൻ വി.പി.ധനഞ്ജയന്റെ സഹോദരനാണ്. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന). മക്കൾ: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ). മരുമക്കൾ: കെ.മാധവൻ (ബിസിനസ്, ദുബായ്), ശിവസുന്ദർ (ബിസിനസ്, ചെന്നൈ). മറ്റ് സഹോദരങ്ങൾ: വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ (റിട്ട അധ്യാപകൻ), രാജലക്ഷ്‌മി, മാധവിക്കുട്ടി, പുഷ്പവേണി.