വീടിന്റെ ടെറസിൽ താമര കൃഷിയുമായി കുട്ടിക്കർഷകൻ

Mail This Article
കൂത്തുപറമ്പ് ∙ പഠനത്തോടൊപ്പം വേറിട്ട കൃഷി രീതിയിൽ ശ്രദ്ധേയനായി കുട്ടിക്കർഷകൻ. വീടിന്റെ ടെറസിൽ താമര കൃഷിയുമായി വേറിട്ട മാതൃക തീർത്തിരിക്കുകയാണ് ഈ വിദ്യാർഥി. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെ.കെ.ഋഷികേശാണ് വ്യത്യസ്ത ഇനത്തിൽപെട്ട താമരകൾ കൃഷി ചെയ്ത് നേട്ടം കൊയ്യുന്നത്.
വേങ്ങാട് പടുവിലായിലെ നീലാംബരിയിൽ കെ.കെ.ഋഷികേശ് പഠനത്തോടൊപ്പം കൃഷികളിലും തൽപരനാണ്. കോഴി വളർത്തലിലും കാട വളർത്തലിലും പച്ചക്കറി കൃഷിയിലും താമര കൃഷിയിലും സജീവമായിരുന്ന ഋഷികേശിനെ വേങ്ങാട് പഞ്ചായത്ത് 2022ൽ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി ആദരിച്ചിരുന്നു. പൂവുകൾക്കായല്ല താമരയുടെ ട്യൂബറുകളുടെ(തണ്ട്) വിപണനം ലക്ഷ്യമിട്ടാണ് കൃഷി. നേരിട്ടും കൊറിയർ ആയും എത്തിച്ച് കൊടുക്കുകയാണ്. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു പോലും ആവശ്യക്കാരുണ്ടെന്ന് ഋഷികേശ് പറഞ്ഞു.
മിറാക്കിൾ, വൈറ്റ് പിയോണി, ഗ്രീൻ ആപ്പിൾ, അഫക്ഷൻ സിക്സ്റ്റീൻ, ജുബ, അഖില, ബുച്ച, കാവേരി, കർണ, റെഡ് ലഗോൺ, റെഡ് ഫിലിപ്പ്, അമേരിക്ക മേലിയ, പിങ്ക് ഗ്ലൗഡ് തുടങ്ങി 45ഓളം താമര ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. 300 മുതൽ 6000 രൂപ വരെയാണ് ഓരോ ട്യൂബറുകൾക്കും വില. മിറാക്കിൾ, റെഡ് ലെഗോൺ എന്നീ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലായുള്ളത്.
വേങ്ങാട് കൃഷിഭവൻ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വരുന്നുണ്ടെന്ന് പിതാവ് കെ.സജേഷ് പറഞ്ഞു. ബിൽഡിങ് കോൺട്രാക്ടറായ പിതാവ് കെ.സജേഷും കണ്ണൂർ വിമാനത്താവളത്തിലെ ജീവനക്കാരിയായ മാതാവ് കെ.കെ.നിവേദിതയും മകന് പിന്തുണയുമായി കൂടെയുണ്ട്.