പരാധീനതകൾ ഏറെ; ജോലിഭാരത്തിൽ പയ്യന്നൂർ ജോയിന്റ് ആർടിഒ ഓഫിസ്
Mail This Article
പയ്യന്നൂർ ∙ പയ്യന്നൂരിന് അനുവദിച്ച ജോയിന്റ് ആർടിഒ ഓഫിസിൽ ജീവനക്കാരുടെ കുറവുകാരണം സേവനങ്ങൾ വൈകുന്നു. 2020 സെപ്റ്റംബറിലാണ് പയ്യന്നൂർ വെള്ളൂരിൽ ജോയിന്റ് ആർടിഒ ഓഫിസ് അനുവദിച്ചത്. ഓഫിസ് അനുവദിക്കുമ്പോൾ ഒരു ജോയിന്റ് ആർടിഒ, 2 എംവിഐ, 4 എഎംവിഐ, 6 ക്ലാർക്കുമാർ, ഒരു ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട്, ഓഫിസ് അസിസ്റ്റന്റ്, സ്വീപ്പർ തസ്തികകൾ അനുവദിക്കുമെന്നാണ് പറഞ്ഞത്. ഇപ്പോൾ ജോയിന്റ് ആർടിഒ, ഒരു എംവിഐ, രണ്ട് എഎംവിഐ, 3 ക്ലാർക്ക് എന്നിവരാണുള്ളത്. വരുമാനത്തിൽ സംസ്ഥാനത്തു മുന്നിലുള്ള ഈ ഓഫിസുകളിൽ ഒന്നാണിത്.
ഡ്രൈവിങ് ടെസ്റ്റും വാഹന ഫിറ്റ്നസ് പരിശോധനയുമൊക്കെ ഒരു എംവിഐ നടത്തണം. അതും നിശ്ചിത ദിവസം മാത്രം. ഒരു ദിവസം 60 എണ്ണമായി സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മറ്റൊരു ഓഫിസിലെ എംവിഐക്ക് 2 ദിവസം ഈ ഓഫിസിൽ ചാർജ് നൽകിയിട്ടുണ്ട്. അതുകൊണ്ടൊന്നും പയ്യന്നൂരിലെ ജനങ്ങളുടെ ആവശ്യം നിറവേറുന്നില്ല. തുടക്കത്തിൽ വിജിലൻസ് റെയ്ഡിൽ അഴിമതിക്കാരെ കൂട്ടത്തോടെ ഈ ഓഫിസിൽ നിന്ന് പിടികൂടിയതിനാൽ സംസ്ഥാനത്ത് കുപ്രസിദ്ധി നേടിയ ഓഫിസായി ഇത് മാറി. ഇപ്പോൾ നിലവിലുള്ള ജീവനക്കാർ ഒരു പരിധിവരെ ചീത്തപ്പേര് മാറ്റിയിട്ടുണ്ടെങ്കിലും ഈ ഓഫിസിലേക്ക് വരാൻ ജീവനക്കാർ മടിക്കുന്നു.
ഫിറ്റ്നസ് ലഭിക്കാത്തതിനാൽ പലരും വാഹനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറക്കാറില്ല. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഓട്ടോ ഡ്രൈവർമാരാണ്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാത്തതും പ്രശ്നങ്ങൾ ഉണ്ടാകുന്നു. പെരുമ്പയിലെ കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സിൽ ജോയിന്റ് ആർടിഒ ഓഫിസിന് മുറികൾ നൽകണമെന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് ഇതുവരെ നടപ്പായില്ല. നിലവിലുള്ള കെട്ടിടത്തിന് 46,000 രൂപയാണ് വാടക. ഓഫിസ് ഇങ്ങോട്ട് മാറ്റിയാൽ ആ വാടക കെഎസ്ആർടിസിക്ക് ലഭിക്കും. അതിലും ഇടപെട്ട് അനുകൂല തീരുമാനം എടുപ്പിക്കാൻ ആരും തയാറാകുന്നില്ല.