‘ആളുന്നൊരു കനൽ നീ, അണയാത്തൊരു ചിത നീ...’; അന്ത്യയാത്രയിലും പുഷ്പനരികിൽ പാട്ടുമായി സവ്യസാചി
Mail This Article
ചൊക്ലി ∙ പുഷ്പനെ അറിയാമോ എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ സവ്യസാചി പുഷ്പന്റെ അവസാനയാത്രയിലും ഗാനാർച്ചനയുമായി അരികെ.
‘ആളുന്നൊരു കനൽ നീ
അണയാത്തൊരു ചിത നീ
പുഷ്പാ.. പുഷ്പാ..
സഹനസൂര്യാ...
ഉയരെപ്പൊങ്ങുമൊരുജ്വല മുദ്രാവാക്യം നീ
പോരാളി നീ.. തേരാളി നീ...
നോവിൻ തീച്ചുഴികൾ തോറ്റു നിൻ മുന്നിൽ
സഹനസൂര്യാ... സഹനസൂര്യാ...’
ചൊക്ലി രാമവിലാസം സ്കൂൾ അങ്കണത്തിൽ പുഷ്പന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയം കാത്തുനിൽക്കുമ്പോഴായിരുന്നു സവ്യസാചി പുഷ്പനെ അനുസ്മരിച്ച് പാടിയത്. പുഷ്പന്റെ വിയോഗ വിവരം അറിഞ്ഞ ശേഷം കഴിഞ്ഞദിവസം രാത്രിയിൽ എഴുതിയ പുതിയ ഗാനമാണ് സവ്യസാചി പാടിയത്. വെടിവയ്പ് നടന്ന് 2 വർഷത്തിനു ശേഷം പുഷ്പനെ കാണാൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പോയപ്പോൾ ചിരിച്ചുകൊണ്ട് സംസാരിച്ച ഓർമയിലാണ് ‘പുഷ്പനെ അറിയാമോ’ എന്ന വരികൾ എഴുതിയതെന്ന് സവ്യസാചി പറഞ്ഞു. പുഷ്പനെ അറിയാമോ ഗാനം ഉൾപ്പെട്ട വിപ്ലവഗാനങ്ങൾ അരുണപുഷ്പം എന്ന ആൽബമായി പുറത്തിറക്കിയപ്പോൾ പാടിയ റിനീഷ് ‘കൂത്തുപറമ്പെന്നു കേട്ടാലെന്തേ’ എന്ന ഗാനവും ആലപിച്ചു.