നെടുംപൊയിൽ –പേര്യ– മാനന്തവാടി പാതയുടെ പുനർനിർമാണത്തിൽ പ്രതിസന്ധി: മന്ത്രി ഒ.ആർ.കേളു
Mail This Article
വെള്ളറ∙ കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തലശ്ശേരി നെടുംപൊയിൽ –പേര്യ –മാനന്തവാടി –ബാവലി അന്തർ സംസ്ഥാന പാതയുടെ പുനർനിർമാണത്തിൽ പ്രതിസന്ധി നിലനിൽക്കുകയാണ് എന്ന് പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ.കേളു. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിക്ക് സമീപം താഴെ വെള്ളറയിൽ മുഖാമുഖത്തിന് എത്തിയപ്പോൾ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. റോഡ് കടന്നു പോകുന്ന പ്രദേശത്ത് ഇനിയും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ട്. നിർമാണ പ്രവൃത്തികൾ നടത്തും തോറും പ്രതിസന്ധി വർധിക്കുകയാണെന്നും ബദൽ മാർഗങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിൽ ചന്ദത്തോടിന് സമീപമാണ് ചുരത്തിലെ റോഡിൽ കഴിഞ്ഞ ജൂലൈ 30 ന് വിള്ളൽ രൂപപ്പെട്ടത്. ആ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ തുടരുന്നുണ്ട്. അടിയന്തരമായി റോഡ് നിർമാണം നടത്താൻ നൽകിയ നിർദേശത്തെ തുടർന്ന് പണികൾ നടക്കുന്നതിന് ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിന് ഇടയിലാണ് റോഡിന്റെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും എന്ന് വ്യക്തമാക്കുന്ന വിധം മന്ത്രിയുടെ പരാമർശം വന്നിട്ടുള്ളത്.
വെള്ളറ സാംസ്കാരിക നിലയത്തിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ജനങ്ങളിൽ നിന്ന് നിവേദനങ്ങളും പരാതികളും സ്വീകരിക്കുകയും നേരിട്ട് പരാതി പറഞ്ഞവ സംബന്ധിച്ച് മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞ മഴക്കാലത്ത് പുഴ വഴിമാറിയ ഒഴുകിയ പ്രദേശം മന്ത്രി സന്ദർശിച്ചു. സുരക്ഷയ്ക്കായി പദ്ധതി തയാറാക്കി സമർപ്പിക്കണമെന്ന് പഞ്ചായത്തിന് നിർദേശവും നൽകി.