അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുകപ്പൽ സർവീസ് വീണ്ടും
Mail This Article
കണ്ണൂർ ∙ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിലേക്ക് വീണ്ടും ചരക്കുകപ്പൽ സർവീസ് ആരംഭിക്കാൻ ധാരണ. കെ.വി.സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽ മാരിടൈം ബോർഡ് വിളിച്ചുചേർത്ത യോഗത്തിലാണ് കപ്പൽ സർവീസിനു വഴിതെളിഞ്ഞത്. മുംബൈ ആസ്ഥാനമായ ഭാരത് ഫ്രൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് താൽപര്യം അറിയിച്ചത്.80 ടിഇയു ശേഷിയുള്ള കപ്പലാണ് സർവീസിന് ഉപയോഗിക്കുകയെന്നും താരതമ്യേന ചെറിയ കപ്പൽ ആയതിനാൽ ഡ്രജിങ് നടത്താതെ തന്നെ അഴീക്കൽ തീരത്ത് അടുക്കാൻ സാധിക്കുമെന്നും കമ്പനി മാനേജിങ് ഡയറക്ടർ സോഹൽ കസാനി ഉറപ്പുനൽകി.
അടുത്ത ഘട്ടത്തിൽ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്കും സർവീസ് നീട്ടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. കശുവണ്ടി ഇറക്കുമതിയും കയറ്റുമതിയും കപ്പൽ വഴിയാക്കാൻ വ്യവസായമന്ത്രി താൽപര്യം പ്രകടിപ്പിച്ചതായും ചെയർമാൻ യോഗത്തിൽ അറിയിച്ചു. തുറമുഖങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉടൻ സജ്ജമാക്കുമെന്നു മാരിടൈം ബോർഡ് ഉറപ്പുനൽകി. കണ്ടെയ്നർ ലഭ്യത സംബന്ധിച്ച് മലബാറിൽ കയറ്റുമതി, ഇറക്കുമതി മേഖലയിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി ചർച്ച നടത്താനും ധാരണയായി. ഇതിനു ശേഷം മന്ത്രിതലത്തിലും യോഗം ചേരും. നാലു മാസത്തിനകം സർവീസ് ആരംഭിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണങ്ങൾ ചെയ്യാനും യോഗം തീരുമാനിച്ചു.
മാരിടൈം ബോർഡ് സിഇഒ ഷൈൻ എ.ഹഖ്, തുറമുഖ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, പോർട്ട് ഓഫിസർ ടി.ദീപൻ കുമാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, വൈസ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് ജനറൽ മാനേജർ ടി.എം.ബാവ, മാർക്കറ്റിങ് ഹെഡ് പി.കെ.മെഹബൂബ്, ഷിപ്പിങ് ഏജന്റ് പി.പി.ഫാറൂഖ്, ഡിപി വേൾഡ് അസി. മാനേജർ റോയ്മോൻ ദേവസ്യ, ആസ്പിൻ വാൾ ബ്രാഞ്ച് ഹെഡ് ജെ.ജയ്‌രാജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.