ഇരിട്ടി നഗരത്തിലെ ട്രാഫിക് പരിഷ്കരണം: സംയുക്ത പരിശോധന നടത്തി
Mail This Article
ഇരിട്ടി∙ നഗരത്തിൽ ഇന്നുമുതൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കുവരെയുള്ള ഭാഗങ്ങളിൽ നഗരസഭ, പൊലീസ്, വ്യാപാരി, രാഷ്ട്രീയ പ്രതിനിധികളുടെ സംയുക്ത പരിശോധന നടത്തി. വ്യാപാരികൾക്കും യാത്രക്കാർക്കും തടസ്സമായി നിൽക്കുന്ന പാർക്കിങ്, വഴിയോര കച്ചവടം ഉൾപ്പെടെ പരിശോധിച്ച് നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ഒരാഴ്ച മുൻപ് തന്നെ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി ആരംഭിച്ചിരുന്നു.
ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കായി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഫീസ് ഏകീകരണം ഇല്ലാത്തത് പാരാതിക്ക് ഇടയാക്കുന്നു.പഴയപാലം റോഡിലെ പേ പാർക്കിങ് കേന്ദ്രത്തിൽ 20 രൂപ മിനിമം ചാർജ് ഈടാക്കുമ്പോൾ തൊട്ടടുത്തുയുള്ള പാർക്കിങ് കേന്ദ്രത്തിൽ 30 രൂപയാണ് ഈടാക്കുന്നത്. പഴയ ബസ്റ്റാൻഡിലുള്ള ഓപ്പൺ ഓഡിറ്റോറിയം, നേരം പോക്ക് റോഡിലെ പാർക്കിങ് ഏരിയ എന്നിവിടങ്ങളിൽ മിനിമം ചാർജ് 20 രൂപയാണ് ഈടാക്കുന്നത്. നഗരസഭ ഇടപെട്ട് പാർക്കിങ് ഫീസ് ഏകീകരണം നടത്തണമെന്നും സ്ഥിരം വാഹനം പാർക്ക് ചെയ്യുന്നവർക്കു മാസ വാടക സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നഗരസഭ ഏർപ്പെടുത്തിയ ഫ്രീ പാർക്കിങ് ഏരിയകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കാതെ റോഡു തടസ്സപ്പെടുത്തി കച്ചവട സ്ഥാപനങ്ങൾക്കു മുന്നിൽ സ്ഥാപിച്ചിരുന്ന പഴക്കൂടകൾ പൊലീസ് എടുത്തു മാറ്റി. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കും വിധം പുതിയ സ്റ്റാൻഡ് നടവഴിയിൽ നടത്തുന്ന പച്ചക്കറി കച്ചവടം, റോഡിൽ നിരത്തിയിട്ട് പച്ചക്കറിയും പഴങ്ങളും തരം തിരിക്കുന്ന വ്യാപാരികൾ തുടങ്ങിയവർക്കും ആദ്യഘട്ടം എന്ന നിലയിൽ താക്കീത് നൽകി.
നഗരസഭ അധ്യക്ഷ കെ. ശ്രീലത, ഉപാധ്യക്ഷൻ പി.പി. ഉസ്മാൻ, ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, നഗരസഭ കൗൺസിലർമാരായ വി.പി. അബ്ദുൽ റഷീദ്, എ.കെ.ഷൈജു. ക്ലീൻ സിറ്റി മാനേജർ കെ.വി.രാജീവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ, അജയൻ പായം, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.