ഡ്രൈവർ എൻജിൻ ഓഫാക്കി പുറത്തേക്ക് ചാടി: ഓട്ടത്തിനിടെ കാർ കത്തിനശിച്ചു
Mail This Article
കണ്ണൂർ∙ കാൽടെക്സ് ചേംബർ ഹാളിന് മുൻപിൽ ഓടുന്ന കാർ കത്തിനശിച്ചു. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നതു കണ്ടപ്പോൾതന്നെ ഡ്രൈവർ അർജുൻ എൻജിൻ ഓഫാക്കി പുറത്തേക്ക് ചാടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടൻ ഉച്ചത്തിലുള്ള ശബ്ദത്തോടെ തീ ആളിപ്പടർന്നു. ഇന്നലെ വൈകിട്ട് 4.15ന് ആണ് സംഭവം. താണ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. പരിസരത്തുണ്ടായിരുന്നവർ വാഹനങ്ങളെ നിയന്ത്രിച്ച് അപകടമൊഴിവാക്കി. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണു പൊലീസ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആറ്റടപ്പ സ്വദേശി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കാർ കക്കാടുള്ള ഓട്ടോ പാർട്സ് കടയ്ക്ക് വേണ്ടി ഓടുന്നതാണ്. ഡ്രൈവർ അർജുൻ കടയിലെ ജീവനക്കാരനാണ്. എൻജിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണു തീപിടിക്കാൻ കാരണമെന്നാണു നിഗമനം. ദിവസങ്ങൾക്ക് മുൻപ് താണയിലും ഓടുന്ന കാർ കത്തിയിരുന്നു. അന്നും ഡ്രൈവറും യാത്രക്കാരനും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.