മഞ്ഞ, പിങ്ക് റേഷൻ കാർഡ്: മസ്റ്ററിങ് 3 മുതൽ 8 വരെ
Mail This Article
കണ്ണൂർ∙ മുൻഗണനാ വിഭാഗത്തിൽപെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ അംഗങ്ങളായ മുഴുവൻ പേരുടെയും ഇ–കെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ–പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.
കടകളിൽ എത്താൻ കഴിയാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഇ–മസ്റ്ററിങ് വീടുകളിലെത്തി നടത്തും. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണു മസ്റ്ററിങ് നടത്തുന്നത്.
മസ്റ്ററിങ് ആർക്കൊക്കെ
അന്ത്യോദയ (മഞ്ഞ കാർഡ്), മുൻഗണന (പിങ്ക് കാർഡ്) വിഭാഗത്തിലെ അംഗങ്ങൾ മസ്റ്ററിങ് നടത്തണം. എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചവരും ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല. മസ്റ്ററിങ് നടത്തിയോ എന്ന് ഓൺലൈൻ വഴി പരിശോധിക്കാം.ഇതിനായി വെബ്സൈറ്റിൽ (https://epos.kerala.gov.in/SRC_Trans_Int.jsp) കയറി റേഷൻ കാർഡ് നമ്പർ അടിച്ചു കൊടുക്കുക. തുടർന്ന് സബ്മിറ്റ് ചെയ്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേരു വിവരം ലഭിക്കും.
ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതിൽ Done എന്നാണ് കാണുന്നത് എങ്കിൽ അവർ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നർഥം. എന്നാൽ Not Done എന്നാണെങ്കിൽ ഇല്ല എന്നർഥം. അവരാണു റേഷൻ കടകളിൽ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയിൽ എവിടെവച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം.
ആകെ റേഷൻകാർഡ് 681325
എഎവൈ (മഞ്ഞ) 36307
പിഎച്ച്എച്ച് (പിങ്ക്) 190427
മസ്റ്ററിങ്ങിൽനിന്ന് പിന്തിരിപ്പിക്കരുത്: മന്ത്രി
ഇരിട്ടി∙ മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ള അംഗങ്ങൾ മസ്റ്ററിങ് നടത്തണമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ആറളം ഫാം ബ്ലോക്ക് 9ൽ സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. ഭീതി പരത്തി ആളുകളെ മസ്റ്ററിങ്ങിൽനിന്നു പിന്തിരിപ്പിക്കരുത്. മസ്റ്ററിങ് വിജയകരമായി നടപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.