നീതിക്കു നിരക്കാത്ത കാര്യങ്ങളെ പിന്തുണച്ചു; ദിവ്യയ്ക്കൊപ്പം സിപിഎമ്മും പ്രതിക്കൂട്ടിൽ

Mail This Article
കണ്ണൂർ∙ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും പൊലീസിനു മുന്നിലെത്താൻ നിർബന്ധിതയാവുകയും ചെയ്തതിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ മാത്രമല്ല തിരിച്ചടി നേരിടുന്നത്. നീതിക്കു നിരക്കാത്ത കാര്യങ്ങളെ പിന്തുണച്ച സിപിഎം കണ്ണൂർ ജില്ലാ നേതൃത്വവും ദിവ്യയ്ക്കൊപ്പം പ്രതിക്കൂട്ടിലായി. എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കാൻ ശ്രമിച്ച കണ്ണൂർ നേതൃത്വം നിലകൊണ്ടതു ന്യായത്തിന്റെ പക്ഷത്തല്ലെന്നു തെളിയിക്കുന്നതായി മുൻകൂർ ജാമ്യഹർജി തള്ളിയ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. അന്യായത്തെ വെള്ളപൂശാൻ നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ദിവ്യയ്ക്കു കീഴടങ്ങേണ്ടിവന്നു.
എഡിഎമ്മിനെതിരെ കരുതിക്കൂട്ടിയുള്ള നീക്കമാണു ദിവ്യയുടേതെന്നാണു കോടതി കരുതുന്നത്. അഴിമതിക്കെതിരായ സദുദ്ദേശ്യ ഇടപെടലെന്നാണു പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ദിവ്യയ്ക്കു നൽകിയ അതിരുവിട്ട പിന്തുണ കോടതി വിധിയോടെ പാർട്ടിയെ നിലയില്ലാക്കയത്തിലാക്കി. ജനവികാരവും തെളിവുകളുമെല്ലാം എതിരാണെങ്കിലും ദിവ്യ തെറ്റു ചെയ്തതായി സിപിഎം കണ്ണൂർ നേതൃത്വം വിശ്വസിക്കുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയെങ്കിലും ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമായി തുടരുന്നത് അതുകൊണ്ടാണ്. നവീൻ ബാബുവിന്റെ മരണത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെ വാക്കുകളല്ല, ദിവ്യയുടെ ന്യായീകരണമാണു പാർട്ടി മുഖവിലയ്ക്കെടുത്തത്.
പൊലീസിൽ കീഴടങ്ങേണ്ടിവന്നതോടെ, ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ദിവ്യയ്ക്കെതിരായ പാർട്ടി തലത്തിലെ നടപടികളിലേക്കു കടന്നേക്കും. ദിവ്യയുടെ വാക്കുകൾ കേട്ട് എഡിഎം അഴിമതിക്കാരനാണെന്നു കരുതിയ സിപിഎമ്മിനു തെറ്റി. അദ്ദേഹം വഴിവിട്ട് എന്തെങ്കിലും ചെയ്തതിനു തെളിവുകളില്ല. ദിവ്യയുടെ ചെയ്തികൾ സദുദ്ദേശ്യപരമായിരുന്നില്ലെന്ന നിലപാട് കോടതിയും കൈക്കൊണ്ടു. പാർട്ടിക്കു വഴങ്ങി നിൽക്കുന്നതാണ് കണ്ണൂരിലെ പൊലീസ് സംവിധാനമെന്ന ആരോപണം നേരത്തേയുണ്ട്. ദിവ്യയ്ക്ക് സുരക്ഷിതമായി കീഴടങ്ങാൻ അവസരമൊരുക്കിയത് പൊലീസാണെന്നതിനു സിറ്റി കമ്മിഷണറുടെ ഇന്നലത്തെ വാക്കുകൾ തെളിവായി.

ദിവ്യ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ദിവ്യ എവിടെയാണെന്ന് അറിയാമായിരുന്നിട്ടും സമ്മർദത്തിനു വഴങ്ങി അറസ്റ്റ് ഒഴിവാക്കുകയായിരുന്നുവെന്നതിന് ഇതിൽപരം തെളിവുവേണ്ട. കേസിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത കോടതിയും തള്ളിയിട്ടില്ല. എഡിഎം അഴിമതിക്കാരനെന്നു വരുത്താൻ വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമിച്ചതിനും ബെനാമി ഇടപാടിനും പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്തും ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരുണ്ടെന്ന സംശയമുയർന്നതോടെ വേവലാതിയിലായിരുന്നു സിപിഎം. ദിവ്യയ്ക്ക് സംരക്ഷണമൊരുക്കാൻ നിർബന്ധിതമായതിന് ഇതും കാരണമായെന്ന വിലയിരുത്തലുണ്ട്.

പിന്തുണയുമായി സിപിഎം നേതാക്കൾ
എഡിഎം കെ.നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎം സംസ്ഥാന നേതാക്കൾ ആവർത്തിക്കുമ്പോഴും പി.പി.ദിവ്യയ്ക്ക് പിന്തുണയുമായി ജില്ലയിലെ നേതാക്കളും ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വവും. ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫിസിൽ കൊണ്ടുവന്നപ്പോൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും നിയുക്ത പ്രസിഡന്റ് കെ.കെ.രത്നകുമാരിയും സ്ഥിരസമിതി അധ്യക്ഷ ടി.സരളയും എത്തിയിരുന്നു. രാത്രി ഏഴോടെ തളിപ്പറമ്പിൽ മജിസ്ട്രേട്ടിന്റെ വീട്ടിൽ ദിവ്യയെ എത്തിക്കും മുൻപുതന്നെ രത്നകുമാരിയും ബിനോയ് കുര്യനും ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് നേതൃനിരയും മഹിളാ ഫെഡറേഷൻ നേതാക്കളും കാത്തുനിൽക്കുന്നുണ്ടായിരുന്നു.
മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം ഷീല എം.അഗസ്റ്റിൻ, തളിപ്പറമ്പ് നഗരസഭാ കൗൺസിലറും ഫെഡറേഷൻ ജില്ലാ എക്സക്യൂട്ടീവ് അംഗവുമായ ഒ.സുഭാഗ്യം, ആന്തൂർ നഗരസഭാ സ്ഥിരസമിതി അധ്യക്ഷയും ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ ഓമന മുരളീധരൻ, ഏരിയ സെക്രട്ടറി ടി.ലത എന്നിവരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, തളിപ്പറമ്പിലെ സിപിഎം നേതാക്കളാരും എത്തിയിരുന്നില്ല.