മേൽപ്പാലം കൊതിച്ച് പിലാത്തറ; ടൗണിന്റെ വികസനക്കുതിപ്പിന് മേൽപാലം അനിവാര്യം

Mail This Article
പിലാത്തറ∙ ദേശീയപാതയിൽ പയ്യന്നൂരിനും തളിപ്പറമ്പിനുമിടയിൽ ഏറ്റവും തിരക്കുപിടിച്ച നഗരമായി മാറിക്കൊണ്ടിരിക്കുന്ന പിലാത്തറയുടെ വരുംകാല വികസനം 24 മീറ്റർ വീതിയും അഞ്ചര മീറ്റർ ഉയരവുമുള്ള അടിപ്പാതയിലൊതുങ്ങിപ്പോകുമോ എന്ന ആശങ്കയിലാണ് ജനം. അഞ്ചര മീറ്റർ ഉയരത്തിൽ ദേശീയപാത നിർമിക്കുമ്പോൾ നാടും രണ്ടായി വിഭജിക്കപ്പെടുന്നു. ചെറുതാഴത്തിന്റെയും പരിയാരത്തിന്റെയും വികസനസാധ്യതകൾ കണക്കിലെടുത്ത് കടന്നപ്പള്ളിയും കുഞ്ഞിമംഗലവും ചേർത്ത് പിലാത്തറ നഗരസഭ എന്ന ആശയം ശക്തമാകുന്ന ഘട്ടത്തിലാണ് അധികൃതരുടെ അനാസ്ഥ മൂലം പിലാത്തറയുടെ വികസനത്തിനു മങ്ങലേറ്റത്.
വേണം, മേൽപാലം
സ്ഥലപരിമിതിയും സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്കും കാരണം നഗരം ഇപ്പോൾ തന്നെ വീർപ്പുമുട്ടുകയാണ്. പീരക്കാംതടം കെഎസ്ടിപി ജംക്‌ഷൻ മുതൽ പിലാത്തറ കുടുംബാരോഗ്യ കേന്ദ്രം വരെ മേൽപാലം വരുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. ഇതിനു വേണ്ടി ടൗണിലെ ഏകദേശം 250 കടയുടമകൾ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു. പക്ഷേ, അവസാനത്തെ ഡിപിആറിൽ പീരക്കാംതടത്തിൽ മാത്രമായി മേൽപാലമൊതുങ്ങി. കോൺക്രീറ്റ് മേൽപാലവും സൗകര്യപ്രദമായ അടിപ്പാതയും കാൽനടയാത്ര സൗകര്യവുമെല്ലാം സ്വപ്നം മാത്രമായി. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ താൽപര്യങ്ങളും മാറ്റിവച്ച് ജനപ്രതിനിധികളും പ്രാദേശിക ഭരണകൂടവും ഒന്നിച്ചു നിന്നാൽ മേൽപാലം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

പാർക്കിങ് സൗകര്യം അനിവാര്യം
ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ നിലവിൽ സ്റ്റാൻഡുകളില്ലാത്ത ഓട്ടോറിക്ഷ, ടെംപോ ടാക്സികൾക്ക് പുതിയ സ്ഥലം കണ്ടെത്തേണ്ടതു പഞ്ചായത്തിനു ബാധ്യതയാകും. ഇരുഭാഗത്തെയും സർവീസ് റോഡുകളിൽ ബസുകൾ സുരക്ഷിതമായി നിർത്താനുള്ള ബസ് ബേയും ഇല്ലാതാകും. ഇപ്പോൾ തന്നെ ഓട്ടോറിക്ഷകളും ടെംപോ ടാക്സികളും പാർക്ക് ചെയ്യുന്നത് താൽക്കാലികമായി ഒരുക്കിയ സംവിധാനത്തിലാണ്. ഇതിനു മാറ്റം വേണം.
എംഎൽഎ വക രണ്ടു കോടി രൂപ
ടൗണിന്റെ സമഗ്രവികസനം കണക്കിലെടുത്തുള്ള പ്രവർത്തനങ്ങൾക്കു രണ്ടു കോടി രൂപ പദ്ധതി തയാറാക്കിയതായി എം.വിജിൻ എംഎൽഎ അറിയിച്ചു. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുൾപ്പടെയുള്ള സമഗ്രപദ്ധതിക്ക് രൂപം നൽകാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി പിലാത്തറ ടൗണിലെ മാതമംഗലം റോഡിലും പഴയങ്ങാടി റോഡ് ഭാഗത്തും ഇന്റർലോക്ക് ചെയ്ത നടപ്പാത നിർമിക്കും. പൂന്തോട്ടം, ലൈറ്റിങ് സംവിധാനം, ഡ്രെയ്നേജ് സൗകര്യം, ടാറിങ് പ്രവൃത്തികൾ ഉൾപ്പെടെ നടപ്പാക്കും.