ADVERTISEMENT

ശ്രീകണ്ഠപുരം ∙ സ്വന്തം കെട്ടിടമില്ലാത്തതിനാൽ വാടക മുറിയിൽ ദുരിതമൊഴിയാതെ ശ്രീകണ്ഠപുരം സബ് ട്രഷറി. വർഷങ്ങളായി ബസ് സ്റ്റാൻഡിന് സമീപം സാമാ ബസാറിലെ കെട്ടിടത്തിൽ 1ാം നിലയിലാണ്  ശ്രീകണ്ഠപുരം സബ്ട്രഷറി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ എണിപ്പടി കയറിയാണ് പ്രായമായവരുൾപ്പെടെ ട്രഷറിയിൽ എത്തേണ്ടത്. ലിഫ്റ്റിന്റെ പണി തുടങ്ങിയെങ്കിലും പാതിവഴിക്ക് നിലച്ചു. ട്രഷറിക്കുള്ളിൽ ജീവനക്കാർക്കു പോലും നിന്നുതിരിയാൻ ഇടമില്ല. 

ലക്ഷങ്ങൾ വാടകയിനത്തിൽ നൽകുമ്പോഴും മികച്ച സൗകര്യങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. വിശാലമായ ഇരിപ്പിടം പോലും ഇല്ല. ട്രഷറിക്ക് കോട്ടൂരിൽ  പുതിയ കെട്ടിടം നിർമിക്കാൻ 6 വർഷം മുമ്പ് നീക്കം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. പാറങ്കുളങ്ങര ജിമ്മി ജേക്കബ്, കാഞ്ഞിക്കൽ ബിജി തോമസ് എന്നിവരാണ് ട്രഷറിക്കായി 8.75  സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. 

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്ത് എസ്ഇഎസ് കോളജ് സ്റ്റോപ്പിന് സമീപത്ത് പുഴയോട് ചേർന്ന് നൽകിയ സ്ഥലം കേരള ഗവർണറുടെ പേരിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു കോടി രൂപ ചെലവിൽ ട്രഷറി കെട്ടിടം നിർമിക്കുവാനും തീരുമാനിച്ചു. 7 കൗണ്ടറുകൾ, പെൻഷൻകാർക്കുള്ള വിശ്രമ മുറി, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കാനായിരുന്നു ധാരണ. ഇൻകലിന് നിർമാണ ചുമതല നൽകിയതായും അധികൃതർ വ്യക്തമാക്കി. അതിനിടെയാണ് എതിർപ്പു രൂക്ഷമായത്.

മഴക്കാലത്ത്  വെള്ളം കയറുന്ന പുഴയോരത്താണ് ട്രഷറിക്ക് അനുവദിച്ച സ്ഥലം എന്നതാണ് വലിയ എതിർപ്പിന് ഇടയാക്കിയത്. കെട്ടിടമൊരുക്കിയാൽ പ്രളയകാലത്ത് കെട്ടിടം വെള്ളത്തിനടിയിലാവും. കൂടാതെ ശ്രീകണ്ഠപുരം നഗരത്തിൽനിന്ന് ഏറെ ദൂരെയായതിനാൽ വയോജനങ്ങളടക്കം അവിടെയെത്താൻ മറ്റ് വണ്ടികളെ ആശ്രയിക്കേണ്ടിയും വരും. ഇത്തരം സാഹചര്യത്തിൽ മറ്റൊരിടത്ത് സ്ഥലം കണ്ടെത്തി വേണം ട്രഷറിക്ക് കെട്ടിടമൊരുക്കാൻ എന്ന വാദവും ഉയർന്നു. പിന്നാലെ നിർമാണം കടലാസിലൊതുങ്ങി. 

നിലവിൽ ഈ സ്ഥലം കാടുകയറി മൂടി. ടൗണിൽ തന്നെ മറ്റൊരു സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടുകുടിയ ട്രഷറി കെട്ടിടം ഒരുക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാവണമെന്നാണ് പെൻഷൻകാരുടെ ആവശ്യം. മലയോരത്തെ മിക്ക പഞ്ചായത്തുകളിലുള്ളവരും ആശ്രയിക്കുന്ന സബ് ട്രഷറിയാണ് ഇവിടുത്തേത്. സബ്ട്രഷറി മാത്രമല്ല റീസർവേ ഓഫിസ്, ശ്രീകണ്ഠപുരം എക്‌സൈസ് ഓഫിസ്, കെ.എസ്.ഇ.ബി. സെക്‌ഷൻ ഓഫിസ് തുടങ്ങിയ പ്രധാന ഓഫീസുകളെല്ലാം വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

English Summary:

Lacking its own building, the Sreekandapuram Sub Treasury operates from rented premises in Sama Bazaar. This situation highlights the need for improved infrastructure and government funding for a dedicated facility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com