കമുകിന് മഞ്ഞളിപ്പ്; കർഷകർക്ക് തിരിച്ചടി
Mail This Article
ആലക്കോട് ∙ മലയോരത്തു കമുകുകളെ ബാധിച്ച മഞ്ഞളിപ്പ് രോഗത്തിനു ശമനമായില്ലെന്നു മാത്രമല്ല, വേനൽ തുടങ്ങിയതോടെ വർധിക്കുകയും ചെയ്തു. ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ കമുകിൻത്തോട്ടങ്ങളിലാണു രോഗം വ്യാപകമായത്. ശക്തമായ മഴയും വെള്ളക്കെട്ടും മൂലം മണ്ണിന്റെ ഘടന മാറുകയും കമുകിന്റെ പ്രതിരോധശക്തി കുറയുകയും ചെയ്യുന്നതാണ് ഒരു കാരണം.
ഫൈറ്റോ പ്ലാസ്മ എന്ന വൈറസ് പോലുള്ള സൂക്ഷ്മാണുവാണു രോഗത്തിനു കാരണം.രോഗം ബാധിച്ച കമുകുകളിലെ ഉൽപാദനം പകുതിയായി കുറയുന്നുണ്ട്. അതേസമയം കഴിഞ്ഞ വേനൽ രൂക്ഷമായതിനെ തുടർന്ന് ഒട്ടേറെ കമുകുകൾ ഉണങ്ങി നശിച്ചിരുന്നു. ശേഷിച്ച കമുകൾക്കാണു മഞ്ഞളിപ്പു ബാധിച്ചു തുടങ്ങിയത്. ഭേദപ്പെട്ട വില ലഭിക്കുന്നതിനാൽ ഒട്ടേറെ കർഷകർ കമുകുകൃഷിയിലേക്കു തിരിഞ്ഞിരുന്നു. അതിനു തിരിച്ചടിയെന്നോണമാണു രോഗത്തിന്റെ വ്യാപനം.