തളിപ്പറമ്പിലും തെരുവുനായ വിളയാട്ടം
Mail This Article
തളിപ്പറമ്പ് ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 7 പേർക്കു കടിയേറ്റു. താലൂക്ക് ആശുപത്രി കോംപൗണ്ടിലേക്കും ഓടിക്കയറിയ നായ ഇവിടെയുണ്ടായിരുന്ന 2 കുട്ടികളെയും കടിച്ചു. ഇന്നലെ ഉച്ചയോടെ മന്നയ്ക്കു സമീപത്തു നിന്നാണ് ആദ്യത്തെയാൾക്കു കടിയേറ്റത്. പിന്നീട് ഫാറൂഖ് നഗർ, സഹകരണ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ വച്ചും പലർക്കും കടിയേറ്റു. പിന്നീട് താലൂക്ക് ആശുപത്രി കോംപൗണ്ടിലേക്ക് ഓടി കയറിയ നായ ഇവിടെയുണ്ടായിരുന്ന വാട്ടർ പ്യൂരിഫയറിൽനിന്നു വെള്ളം കുടിക്കുകയായിരുന്ന 2 കുട്ടികളെയും കടിച്ചു. അതിനുശേഷം പുറത്തേക്കോടി.
പിന്നീട് അള്ളാംകുളം ഭാഗത്തേക്കോടിയ നായ രാത്രിയിൽ ഇവിടെ വച്ചും ചിലരെ നായ ആക്രമിച്ചു. പരുക്കുകളോടെ കരിമ്പം കീരന്റകത്ത് ആസിഫലി(12), അംബിക ജയശങ്കർ(35), കീഴാറ്റൂർ കാവുഞ്ചാൽ അദ്രിനാഥ്(12), അള്ളാംകുളം ഒറ്റപ്പാല ബൈത്തുറഹ്മയിൽ നാസ(16), ഫാറൂഖ് നഗർ സായ(14), ഏഴാംമൈൽ സന(12), മറിയം(52) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.