വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി; മതിൽ ചാടി ഓടുന്നതിനിടെ വീണ് പരുക്കേറ്റ പ്രതി ആശുപത്രിയിൽ
Mail This Article
ശ്രീകണ്ഠപുരം∙ പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വീണ് പരുക്കേറ്റു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയിരുന്നു. ശ്രീകണ്ഠപുരം പൊലീസും ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പരിപ്പായി അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻ ഷബീറിന്റെ (42) വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.2 ഗ്രാം എംഡിഎംഎയും ഇവ വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന 3500 പാക്കറ്റുകളും പിടിച്ചെടുത്തത്. 28ന് രാത്രിയാണ് പരിശോധന നടത്തിയത്. തുടർന്ന് മഹസർ തയാറാക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വീടിന്റെ കൂറ്റൻ മതിൽ ചാടി ഇയാൾ കടന്നുകളയാൻ ശ്രമിച്ചു. മതിൽ ചാടുന്നതിനിടെ വീണ് തുടയെല്ലിനു സാരമായി പരുക്കേറ്റു. സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് ഷബീറിനെ പൊലീസ് പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെ തടയാൻ ശ്രമിച്ച ഷബീറിന്റെ ഉമ്മയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 2018 നവംബറിൽ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായാണ് ഷബീർ. മുൻപ് തൃക്കാക്കരയിൽ വച്ച് 12 ഗ്രാം എംഡിഎംഎയുമായും ഇയാൾ അറസ്റ്റിലായിരുന്നു. ജില്ലയിലെ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാനിയാണ് ഷബീറെന്നും കഴിഞ്ഞ ദിവസം എംഡിഎംഎയുമായി തളിപ്പറമ്പിൽ നിന്ന് പിടികൂടിയ രണ്ടുപേരിൽ നിന്നാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.