ഒറ്റരാത്രി, കാട്ടുപന്നികൾ കുത്തിമറിച്ചത് ഇരുന്നൂറിലേറെ വാഴകൾ
Mail This Article
ചെറുപുഴ∙ ഇരുന്നൂറിലേറെ ഏത്തവാഴകൾ കാട്ടുപന്നികൾ കുത്തിനശിപ്പിച്ചു. കൊല്ലാടയിലെ അഞ്ചില്ലത്ത് സുലൈമാന്റെ കൃഷിയിടത്തിലെ വാഴകളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. 300 വാഴകൾ നട്ടതിൽ ഇനി 100 വാഴകൾ മാത്രമാണു ശേഷിക്കുന്നത്. 2 ഏക്കർ സ്ഥലത്ത് വാഴ, പച്ചക്കറി, കമുക്, തെങ്ങ് തുടങ്ങിയവയാണു സുലൈമാൻ കൃഷി ചെയ്തിരുന്നത്. ഇതിൽ കമുകും തെങ്ങും വലുതായതോടെ മറ്റു കൃഷികളാണു കാട്ടുപന്നികൾ നശിപ്പിക്കുന്നത്.
വാഴക്കൃഷിയും പച്ചക്കറി കൃഷിയും കാട്ടുപന്നികൾ നശിപ്പിക്കുന്നത്. പന്നികളെ തടയാൻ കൃഷിയിടത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുകയും രാത്രിസമയത്തു പാട്ട് വയ്ക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടു യാതൊരു പ്രയോജനം ഉണ്ടായില്ലെന്നും നല്ലൊരു തുക വെറുതേ പാഴായി പോയതായും സുലൈമാൻ പറഞ്ഞു. ഏതാനും ദിവസം മുൻപ് എംപാനൽ ഷൂട്ടർമാരെ നിയോഗിച്ച് പഞ്ചായത്ത് കൊല്ലാടയിൽ പന്നിവേട്ട നടത്തിയിരുന്നു. എന്നാൽ ഒരു പന്നിയെ മാത്രമാണു കൊല്ലാനായത്. അന്നു കാടിളക്കിവിട്ട കാട്ടുപന്നികളെ ഭയന്നി ഇപ്പോൾ കൃഷിയിടത്തിൽ പോലും ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്നു പഞ്ചായത്ത് മുൻ പ്രസിഡന്റ് ജമീല കോളയത്ത് പറഞ്ഞു.