ദർശനസായുജ്യമായി ദേവക്കൂത്ത്; സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം അരങ്ങിലെത്തി

Mail This Article
മാട്ടൂൽ ∙ ഉത്തരകേരളത്തിൽ സ്ത്രീ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്ത് ഭക്തർക്ക് അനുഗ്രഹം നൽകി അരങ്ങിലെത്തി. തെക്കുമ്പാട് കൂലോം തായക്കാവിലാണ് ദേവക്കൂത്ത് അരങ്ങേറിയത്. ഇന്നലെ പുലർച്ചെ കരിഞ്ചാമുണ്ഡി, വേട്ടയ്ക്കൊരുമകൻ തെയ്യങ്ങളുടെ പുറപ്പാട്, രാവിലെ 10ന് ബിന്ദൂർഭൂത ദഹനം എന്നിവ നടന്നു. തുടർന്ന് 11.20നാണ് ദേവക്കൂത്തും നാരദനും അരങ്ങിലെത്തിയത്. 12.30 ഓടെ ദേവക്കൂത്തും നാരദനും അരങ്ങൊഴിഞ്ഞു.
കനത്ത ചൂടിലും ഒട്ടേറെ ഭക്തരാണ് ദേവക്കൂത്ത് കാണാൻ എത്തിയത്. ദേവലോകത്തുനിന്ന് പുഷ്പങ്ങൾ ശേഖരിക്കാൻ എത്തിയ ദേവസ്ത്രീകളിൽ ഒരാൾ കൂട്ടം തെറ്റുകയും ഒറ്റപ്പെട്ട ദേവസ്ത്രീ നാരദ മഹർഷിയെ പ്രാർഥിച്ചെന്നും നാരദൻ ഇവരെ ദേവലോകത്തേക്ക് തിരിച്ചെത്തിച്ചു എന്നുമാണ് ദേവക്കൂത്തിന്റെ ഐതിഹ്യം. ഇന്ന് പുലർച്ചെ തായക്കാവിൽ തായ്പരദേവതയുടെ തിരുമുടി നിവരും. കളിയാട്ടം 23ന് സമാപിക്കും.