വിശ്രമമില്ലാതെ മെഹബൂബ്; ഒറ്റ ദിവസം പിടികൂടിയത് 4 പെരുമ്പാമ്പുകളെ, ഒന്നിന്റെ തൂക്കം 48 കിലോ

Mail This Article
മാഹി ∙ ഏതാനും ദിവസങ്ങളായി നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുമ്പാമ്പുകൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിനാൽ മെഹബൂബ് പടിക്കലിനു വിശ്രമം ഇല്ല. ഇന്നലെ മാത്രം 4 പെരുമ്പാമ്പുകളെ ആണ് മെഹബൂബ് ചാക്കിൽ കയറ്റി വനം വകുപ്പ് അധികൃതർക്ക് കൈമാറിയത്. നഗര മധ്യത്തിൽ ഓടത്തിനകം പരിസരത്ത് നിന്ന് ഏകദേശം 48 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ ചാക്കിൽ കയറ്റുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. പുഴയോര നടപ്പാതയിൽ നിന്ന് പെരുമ്പാമ്പിനെ ഇന്നലെ പിടികൂടി. 13 വർഷമായി ഈ സേവനം തുടങ്ങിയിട്ട്. 340 ഓളം വിഷ പാമ്പുകളെ പിടികൂടി. 8 തവണ കടിയേറ്റു. ഒന്നും അപകടം ഇല്ലാതെ കടന്നുപോയി.
മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, ന്യൂമാഹി, ചോമ്പാല പൊലീസ് സ്റ്റേഷനുകളിൽ നിന്നും മാഹി അഗ്നി സേന വിഭാഗത്തിൽ നിന്നും മെഹബൂബിനെ തേടി വിളിയെത്തും. പ്രതിഫലം വാങ്ങാതെ ആണ് സേവനം. കേരള വനം വകുപ്പിന്റെ ലിസ്റ്റിൽ ഇടം നേടിയ 48കാരനായ മെഹബൂബ് സ്വന്തം ചെലവിലാണ് പാമ്പുകളെ പിടികൂടാൻ എത്തുന്നത്. നാട്ടുകാരെ സഹായിക്കാൻ കഴിയുന്നു എന്നതിൽ അഭിമാനം കൊള്ളുന്ന മെഹബൂബ് നാട്ടുകാർക്ക് വിളിപ്പുറത്തെത്തുന്ന പൊതു പ്രവർത്തകൻ കൂടിയാണ്. രാത്രി എന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന മെഹബൂബ് 20 ലീറ്റർ കാനിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജോലി മാറ്റിവച്ചും നാട്ടുകാരുടെ വിളി എത്തുമ്പോൾ പാമ്പ് പിടിക്കാൻ എത്തും.
കടൽ പാമ്പുകളും പുഴ പാമ്പുകളും മൂർഖനും അണലിയും മാഹിയുടെ പരിസര പ്രദേശങ്ങളിൽ കൂടുതൽ കാണുന്നതായി മെഹബൂബ് പറഞ്ഞു. പെരുമ്പാമ്പുകളാണ് അധികവും ചാക്കിൽ കയറ്റേണ്ടി വന്നത്. മെഹബൂബ് സ്വന്തം വാഹനത്തിലാണ് പാമ്പുകളെ പിടികൂടാൻ എത്തുക. ഏഴാം വയസ്സിൽ ചേരയെ പിടിച്ച് വീട്ടുകാരെ ഭയപ്പെടുത്തി. പിന്നീട് യുവാവായപ്പോഴാണ് പാമ്പുപിടുത്തം സജീവമാക്കിയത്. കണ്ണൂരിൽ ലൈസൻസ് ഉള്ള പാമ്പു പിടുത്തക്കാരൻ മുരളിയിൽ നിന്നാണ് പാമ്പ് പിടിത്തത്തിന്റെ അടവ് മനസ്സിലാക്കിയത്. ഗവേഷകനായ മനോജ് മാധവന്റെ നിർദേശങ്ങളും സ്വീകരിക്കുന്നു. ഒരു പാമ്പിനു പോലും ജീവഹാനി വരാതെ കൈമാറാൻ കഴിഞ്ഞു എന്നതിൽ അഭിമാനം ഉണ്ടെന്ന് മെഹബൂബ് പറഞ്ഞു.