പഴശ്ശി കനാൽ വീടുകളിൽ വെള്ളം കയറി; 50 കോടി ചെലവിട്ടിട്ടും ചോർച്ചതന്നെ
Mail This Article
അഞ്ചരക്കണ്ടി∙ കോടികൾ ചെലവഴിച്ചു നടത്തിയ പഴശ്ശി കനാൽ നവീകരണം വെള്ളത്തിലായതായി പരാതി. കഴിഞ്ഞ വർഷം 50 കോടി രൂപ ചെലവിൽ കനാൽ നവീകരിച്ചെങ്കിലും കഴിഞ്ഞ ദിവസം ജലവിതരണം ആരംഭിച്ചപ്പോൾ പല ഭാഗത്തും ചോർച്ച ശക്തമാണ്. കീഴല്ലൂർ, വളയാൽ, ചെറിയവളപ്പ്, കുഴിമ്പാലോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. കീഴല്ലൂർ പൂച്ചടുക്കൽ പാലത്തിനുസമീപം വെള്ളം കെട്ടിനിന്നതു കാരണം നടന്നു പോകാൻ പോലും പ്രയാസമാണ്. ചോർച്ച പരിഹരിക്കാൻവേണ്ടി കനാലിന്റെ ഇരുവശങ്ങളിലും അടിഭാഗത്തു ചെങ്കൽ പാകിയും കോൺക്രീറ്റ് ചെയ്തുമാണ് പണി പൂർത്തിയാക്കിയത്. ചെറിയവളപ്പ് മേൽപ്പാലത്തിനു താഴെഭാഗത്തു വലിയ ചോർച്ചയുള്ളതിനാൽ യാത്രക്കാരുടെ ദേഹത്തും വാഹനങ്ങളുടെ മുകളിലും വെള്ളം വീഴുന്ന സ്ഥിതിയാണ്. ചോർച്ച കാരണം 2008ൽ പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം നിർത്തിയിരുന്നു.