കപ്പുയർത്താനായില്ല, പക്ഷേ തലയുയർത്തി കണ്ണൂരെപ്പിള്ളേർ
Mail This Article
കണ്ണൂർ∙ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മൂന്നാം സ്ഥാനത്തേക്കു മടങ്ങി കണ്ണൂർ. 23 വർഷങ്ങൾക്കു ശേഷം സ്വന്തമാക്കിയ സ്വർണക്കപ്പാണ് ഇത്തവണ വെറും അഞ്ചു പോയിന്റുകളുടെ വ്യത്യാസത്തിൽ കണ്ണൂരിനു നഷ്ടമായത്. ആദ്യ ദിനങ്ങളിലെല്ലാം ആദ്യ മൂന്നു സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനൊപ്പം തൃശൂരും കോഴിക്കോടും ആവേശപ്പോരാട്ടം തീർത്തു. അപ്പീലുകൾ കൂടി പരിഗണിച്ചപ്പോഴാണു നിലവിലെ ജേതാക്കളായ കണ്ണൂരിനെ പിന്തള്ളി തൃശൂർ ഒന്നാം സ്ഥാനത്തേക്കും (1008 പോയിന്റുകൾ) പാലക്കാട്(1007 പോയിന്റുകൾ) രണ്ടാം സ്ഥാനത്തേക്കുമെത്തിയത്. ഇത് ഏഴാം തവണയാണു കണ്ണൂർ മൂന്നാമതെത്തുന്നത്.എച്ച്എസ്എസ് ജനറൽ വിഭാഗത്തിലും എച്ച്എസ് അറബിക് വിഭാഗത്തിലും മൂന്നാം സ്ഥാനത്തും എച്ച്എസ് ജനറൽ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ജില്ല. എച്ച്എസ് സംസ്കൃതം വിഭാഗത്തിൽ ആറാമതുമെത്തി. ആകെ 1003 പോയിന്റുകളാണ് നേടിയത്. എച്ച്എസ്, എഎച്ച്എസ് വിഭാഗങ്ങളിലായി 357 വീതം വിദ്യാർഥികളും അറബിക് വിഭാഗത്തിൽ മുപ്പത്തഞ്ചും സംസ്കൃതം വിഭാഗത്തിൽ 47 വിദ്യാർഥികളുമാണു ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. 101 പോയിന്റുകൾ നേടി സംസ്ഥാനതലത്തിൽ ഏഴാമതെത്തിയ ബർണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളാണ് ജില്ലയിൽ ഒന്നാമത്. 60 പോയിന്റുകളുമായി സംസ്ഥാനതലത്തിൽ ഇരുപതാമതെത്തിയ മമ്പറം എച്ച്എസ്എസാണ് ജില്ലയിൽ രണ്ടാമത്. ചെമ്പിലോട് എച്ച്എസ്എസാണ് ജില്ലയിൽ മൂന്നാമത്. 40 പോയിന്റുകൾ. സംസ്ഥാനതലത്തിൽ 53ാം സ്ഥാനത്താണ്.
ജില്ലാ തലത്തിൽ മുന്നിലെത്തിയ സ്കൂളുകൾസെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, ബർണശേരിപങ്കെടുത്ത 21 ഇനങ്ങളിൽ 20 എണ്ണത്തിലും എ ഗ്രേഡ് നേടിയാണ് സെന്റ് തെരേസാസ് ജില്ലയിൽ ഒന്നാമതെത്തിയത്. അപ്പീൽ വഴി മത്സരിച്ച എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പാലിയ നൃത്തത്തിലും എച്ച്എസ് സംഘനൃത്തത്തിലും എ ഗ്രേഡ് നേടിയാണു വിദ്യാർഥികളുടെ മടക്കം. സെപ്റ്റംബർ മുതൽ തുടങ്ങിയ കൃത്യമായ പരിശീലനമാണു വിദ്യാർഥികളെ ഒന്നാമതെത്തിച്ചത്.
മമ്പറം എച്ച്എസ്എസ്
എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ സെന്റ് തെരേസാസിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടാണ് മമ്പറം എച്ച്എസ്എസ് ജില്ലയിൽ രണ്ടാമതെത്തിയത്. സ്കൂളിലെ 60 വിദ്യാർഥികളാണു ജില്ലയെ പ്രതിനിധീകരിച്ചു കലോത്സവത്തിൽ പങ്കെടുത്തത്. മത്സരിച്ച 17 ഇനങ്ങളിലും വിദ്യാർഥികൾ എ ഗ്രേഡ് നേടി.
ചെമ്പിലോട് എച്ച്എസ്എസ്, തലവിൽ
44 വിദ്യാർഥികളാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തത്. വഞ്ചിപ്പാട്ട്, നാടകം, പണിയ നൃത്തം, ഒപ്പന, അറബിക് തർജമ, നിഘണ്ടു നിർമാണം, ചിത്രരചന, എണ്ണച്ചായം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഗസൽ ആലാപനം എന്നീ ഇനങ്ങളിലായിരുന്നു മത്സരം. പങ്കെടുത്ത 11 ഇനങ്ങളിലും എ ഗ്രേഡ് നേടി.