പാതിയല്ലേ തളർന്നുള്ളൂ, മനസ്സ് ഇനിയും ബാക്കിയുണ്ടല്ലോ!!!
Mail This Article
പയ്യന്നൂർ ∙ താൻ നിർമിക്കുന്ന വർണക്കുടകൾ പോലെ ജീവിതത്തിൽ വർണം നിറയ്ക്കുകയാണ് തായിനേരിയിലെ കരിപ്പത്ത് മോഹനൻ. ജീവിതം തകർത്ത വീഴ്ചയിൽ തളർന്നു പോകാതെ പൊരുതി മുന്നേറുകയാണ് മോഹനൻ(62). പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഫാർമസിസ്റ്റ് അസിസ്റ്റന്റായിരുന്നു മോഹനൻ. 2016 ഏപ്രിൽ 10ന് വീടിന്റെ ടെറസ് വൃത്തിയാക്കുമ്പോഴായിരുന്നു അപകടം. ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അരയ്ക്കു താഴെ ചലനശേഷി നഷ്ടമായി.പക്ഷേ, തളരാൻ മോഹനൻ തയാറായില്ല. കിടന്ന കിടപ്പിൽ ചലിപ്പിക്കാൻ കഴിയുന്ന കൈ കൊണ്ട് ഫോണിലൂടെ സൗഹൃദങ്ങൾ പലതും പുതുക്കി. തൃശൂർ സ്വദേശിയാണ് വീട്ടിലെത്തി കുടനിർമാണവും കടലാസ് പേന നിർമാണവും പഠിപ്പിച്ചത്. ദിവസം ഏഴു കുട നിർമിക്കും. ഒട്ടനവധി പേനകളും. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരാണ് കുടകൾ അധികവും വാങ്ങുക. സമൂഹമാധ്യമങ്ങൾ വഴിയും വിറ്റഴിക്കും. ഉണ്ടാക്കുന്ന കുടകളൊന്നും ബാക്കിയാകാറില്ലെന്ന് മോഹനൻ പറഞ്ഞു. സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും മോഹനൻ നിർമിക്കുന്ന പേന വാങ്ങും. വിജയശ്രീയാണ് ഭാര്യ. അശ്വതി, അർജുൻ എന്നിവരാണു മക്കൾ. പുറത്തിറങ്ങാൻ വീൽചെയർ വേണമെന്നാണ് മോഹനന്റെ ആഗ്രഹം.