കണ്ണൂർ പാസഞ്ചർ ഇനി പയ്യന്നൂരിൽ പിടിച്ചിടില്ല
Mail This Article
പയ്യന്നൂർ ∙ രാത്രിയിലെ കണ്ണൂർ പാസഞ്ചർ ഇനി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടില്ല. മംഗളൂരു - കണ്ണൂർ പാസഞ്ചർ രാത്രി 7.15ന് പയ്യന്നൂരിൽ എത്തിയാൽ ഒട്ടേറെ ട്രെയിനുകൾ കടന്നു പോകാൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടാറുണ്ട്. മാവേലി എക്സ്പ്രസ് പോയതിന് ശേഷം മാത്രമേ പയ്യന്നൂർ സ്റ്റേഷനിൽ നിന്ന് പാസഞ്ചർ പോകാൻ അനുവദിക്കാവൂ എന്ന് റെയിൽവേയുടെ ടൈംടേബിളിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ ട്രെയിൻ കടന്നു പോയാൽ പിറകെ വരുന്ന പ്രതിവാര ട്രെയിനുകൾ കടന്നു പോകാൻ ഇത് പയ്യന്നൂരിലോ പഴയങ്ങാടിയിലോ വീണ്ടും പിടിച്ചിടും.
അതുകൊണ്ട് തന്നെ ഈ പാസഞ്ചർ യാത്രക്കാർക്ക് ഗുണകരമാകാത്ത അവസ്ഥ വന്നു. ഇതേച്ചൊല്ലി ഒട്ടേറെ പരാതികൾ ഉയർന്നുവന്നിരുന്നു. മലയാള മനോരമ വാർത്തയിലൂടെ ഈ പ്രശ്നം അധികൃതർക്ക് മുന്നിൽ എത്തിച്ചിരുന്നു. പുതിയ സമയക്രമം വന്നപ്പോൾ പാസഞ്ചർ ട്രെയിൻ 7ന് പയ്യന്നൂരിലെത്തും. ഇനി ഈ പാസഞ്ചർ കണ്ണൂരിൽ എത്തും വരെ മറ്റ് ട്രെയിനുകൾ കടന്നു പോകാൻ പിടിച്ച് നിർത്തില്ല. ഇത് പയ്യന്നൂരിലെ യാത്രക്കാർക്കും വലിയ പ്രയോജനമായി.