രണ്ട് വർഷം മുൻപ് നിശ്ചയിച്ച വിവാഹം: അവസാനവട്ട ഒരുക്കങ്ങൾക്കിടെ മരണവാർത്ത; നടുങ്ങി നാട്
Mail This Article
ഉളിക്കൽ∙ രണ്ട് വർഷം മുൻപ് നിശ്ചയിച്ച വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കിടെ ഉളിക്കൽ കാലാങ്കിയിലെ കയ്യൂന്നുപാറ കുടുംബത്തിലേക്ക് എത്തിയ ദുരന്ത വാർത്ത കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ നടുക്കി. ഏക മകൻ ആൽബിന്റെ വിവാഹത്തിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഒരുക്കങ്ങൾക്കിടെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. കാലാങ്കി കയ്യൂന്നുപാറ തോമസിന്റെ ഭാര്യ ബീനയും തോമസിന്റെ സഹോദരി പുത്രൻ ലിജോബിയുമാണ് ഉളിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.
ബീനയുടെ ഏകമകൻ ആൽബിന്റെ വിവാഹം രണ്ട് വർഷം മുൻപ് തീരുമാനിച്ചതായിരുന്നു. പോളണ്ടിൽ ജോലിയുള്ള ആൽവിൻ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ക്രിസ്മസ് ദിനത്തിലാണ് നാട്ടിലെത്തിയത്. 11നു വിവാഹ നിശ്ചയവും 18നു വിവാഹവും നടത്തുന്നതിനായിരുന്നു തീരുമാനിച്ചത്. വിവാഹ ഒരുക്കങ്ങൾക്കായി ബന്ധുക്കളെ ക്ഷണിക്കുന്നതിനും വിവാഹ വസ്ത്രങ്ങൾ വാങ്ങുന്നതിനുമായി കുടുംബ സമേതം എറണാകുളത്ത് പോയി വരുമ്പോഴായിരുന്നു അപകടം.
കല്യാണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയ കാലാങ്കിയിലെ വീട്ടിൽ മകനെയും മരുമകളെയും കൈപിടിച്ചു കയറ്റേണ്ട മുറ്റത്ത് അമ്മ ബീനയ്ക്ക് അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തേണ്ട ദുഃഖകരമായ അവസ്ഥയിലാണ് നാട്ടുകാരും ബന്ധുക്കളും. പരുക്കേറ്റ് ആൽബിനും പിതാവ് തോമസും ആശുപത്രിയിലുമാണ്.
600 കിലോമീറ്റർ ഓടിയെത്തി; വീടിന് 25 കിലോമീറ്റർ ദൂരത്ത് അപകടം
∙കാൽ നൂറ്റാണ്ടായി കർണാടകയിലെ മംഗളൂരു മടന്തിയാറിൽ താമസമാക്കിയെങ്കിലും കുടുംബവുമായി അത്രമേൽ സ്നേഹബന്ധം പുലർത്തിയിരുന്ന ലിജോബി തന്റെ മാതൃസഹോദര പുത്രൻ ആൽബിന്റെ വിവാഹ ഒരുക്കങ്ങൾക്കായി വാഹനവുമായി രണ്ട് ദിവസം മുൻപാണ് കാലാങ്കിയിൽ എത്തിയത്. കാലാങ്കിയിൽ എത്തി ആൽബിന്റെ മാതാപിതാക്കളെയും കൂട്ടിയാണ് എറണാകുളത്ത് വിവാഹ വസ്ത്രങ്ങൾ എടുക്കുന്നതിനു പോയത്. 600 കിലോമീറ്ററിൽ അധികം സഞ്ചരിച്ച കുടുംബം കാലാങ്കിയിലെ വീട്ടിൽ എത്തുന്നതിന് 25 കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം സംഭവിച്ചത്.
ലിജോബിയുടെ വാഹനം കർണാടക റജിസ്ട്രേഷൻ ആയതിനാൽ കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടെന്നാണ് ആദ്യം എല്ലാവരും കരുതിയത്. ആശുപത്രിയിൽ വച്ച് ആൽബിനാണ് തങ്ങൾ കാലാങ്കി സ്വദേശികളാണെന്ന് ആശുപത്രി അധികൃതരോട് അറിയിച്ചത്. ലിജോബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മാംഗളുരുവിലേക്ക് കൊണ്ടുപോയി. ഇന്ന് 4ന് മൂർജ് സെന്റ് സേവ്യർ പള്ളിയിൽ സംസ്കരിക്കും.
കാർ വന്നത് നല്ല വേഗത്തിൽ
ഉളിയിൽ അപകടത്തിൽപെട്ട കാർ വേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ. സമീപത്തെ സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റിയ ശേഷം സാവകാശം മുന്നോട്ടെടുക്കുകയായിരുന്നു ബസ്. കാറിന്റെ വേഗം അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചു. റോഡിൽ ചില്ലുകളും വാഹനാവശിഷ്ടങ്ങളും ചിതറിത്തെറിച്ചു, രക്തവും. ബസിനടിയിലേക്കു കയറി പൂർണമായും തകർന്ന കാർ ആദ്യം മാറ്റി. ബസ് അരികിലേക്കു മാറ്റിയിട്ടു. അഗ്നിരക്ഷാ സേന റോഡ് കഴുകുക കൂടി ചെയ്ത ശേഷം ആണു സംസ്ഥാനാന്തര പാതയിൽ ഗതാഗതം പുന:സ്ഥാപിക്കാനായത്.
ഉളിയിൽ അപകടം; യാത്രക്കാരെ പുറത്തെടുത്തത് ഡോറുകൾ കുത്തിപ്പൊളിച്ച്..
ഇരിട്ടി∙ ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസിൽ കാറിടിച്ചുണ്ടായ ദുരന്തത്തിൽപ്പെട്ടവരെ പുറത്തെടുത്തത് വാതിലുകൾ കുത്തിപ്പൊളിച്ച്. അപകടത്തിൽ കാറിന്റെ 4 ഡോറുകളും ജാമായി തുറക്കാനാകാത്ത സ്ഥിതിയിലായിരുന്നു. ഓടിയെത്തിയ സമീപവാസികളും ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്നു ബസിലെ തന്നെ ജാക്കി ലിവർ എടുത്തു ഡോറുകൾ കുത്തിപ്പൊളിക്കുകയായിരുന്നു.
ആദ്യം പുറത്തെടുക്കാനായത് കെ.ടി.ബീനയെയാണ്. ഇവരെ ആംബുലൻസിൽ കയറ്റിവിട്ടു. പിന്നാലെ തോമസിനെയും എ.എ.ലിജോബിയെയും കാറുകളിലും കയറ്റി. കാർ ഓടിച്ചിരുന്ന കെ.ടി.ആൽബിനെ ആ ഭാഗത്തെ ഡോർ കുത്തിപ്പൊളിച്ചെങ്കിലും പുറത്തെടുക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. സ്റ്റിയറിങ്ങിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.
അഗ്നിരക്ഷാ സേന ഉൾപ്പെടെ എത്തിയ ശേഷമാണ് ആൽബിനെ പുറത്തെടുത്തത്. എല്ലാവരെയും മട്ടന്നൂരിലെ എച്ച്എൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആണു കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്നു കാറിൽ എത്തിച്ച എ.എ.ലിജോബിയെയും ആംബുലൻസിലേക്കു മാറ്റി കയറ്റി. കണ്ണൂരിൽ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കെ.ടി.ബീനയുടെയും എ.എ.ലിജോബിയുടെയും ജീവൻ രക്ഷിക്കാനായില്ല.
ഉളിയിൽ അപകടം ഉണ്ടായ ഉടൻ ഓടിയെത്തിയ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ളവരും പ്രദേശവാസികളും ബസിലെ യാത്രക്കാരും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 2 ജീവൻ പൊലിഞ്ഞതിന്റെ ദു:ഖത്തിലാണ് ഉളിയിൽ ഗ്രാമം. ആദ്യം എത്തിയ ആംബുലൻസിലും പിന്നീട് ആംബുലൻസുകൾക്ക്കാത്തിരിക്കാതെ കിട്ടിയ കാറുകളിലും ഒക്കെയായി അപകടത്തിൽ പെട്ടവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.