പായം, കരിയാൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി വിതച്ച് 2 കാട്ടാനകൾ; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
ഇരിട്ടി∙ ഇരിട്ടി നഗരത്തിനു സമീപം പായം, കരിയാൽ ജനവാസ കേന്ദ്രങ്ങളിൽ 15 മണിക്കൂറോളം ഭീതി വിതച്ച് കാട്ടാനകൾ. ബൈക്ക് യാത്രികൻ ആനയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നു 20 കിലോമീറ്ററോളം ജനവാസ – ഗ്രാമ മേഖലകൾ കടന്നാണു പായം കരിയാലിൽ ഇന്നലെ രാവിലെ 4.30 ന് 2 കൊമ്പനാനകൾ എത്തിയത്. രാത്രി ഏഴരയോടെയാണ് ഇവയെ ആറളം ഫാമിലേക്ക് തുരത്താനായത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പായത്തും കരിയാലിലും കാട്ടാനകൾ എത്തുന്നത് ആദ്യമാണ്. കരിയാലിൽ പത്രവിതരണം നടത്തുന്ന കെ.രമേശനാണ് പ്രദേശത്ത് കാട്ടാന സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. 7.30 ന് പുതിയവിട ദിനേശൻ വീടിനു സമീപത്തു കൂടി 2 കാട്ടാനകൾ കടന്നപോകുന്നതും കണ്ടു. ഇതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. 9 ന് വനപാലക സംഘം പൊലീസ് പിന്തുണയോടെ ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഒരെണ്ണം വലതുവശത്ത് പുഴയ്ക്ക് സമീപത്തെ അക്കേഷ്യ കാട്ടിലേക്കും രണ്ടാമത്തേതു ഇടതുവശത്ത് പഴയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്തേക്കു മാറി എരുമത്തത്തെ റബർ തോട്ടത്തിലും നിലയുറപ്പിച്ചു.
ഈ സമയത്താണ് ജബ്ബാർക്കടവ് ഭാഗത്തു നിന്ന് എടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരൻ സനീഷ് ആനയുടെ മുന്നിൽ പെട്ടത്. ബൈക്ക് ഉപേക്ഷിച്ചു ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും പിന്തുടർന്ന ആനയിൽ നിന്നു അത്ഭുതകരമായാണു രക്ഷപ്പെട്ടത്. ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്ത് നിന്നു ആനയെ പുറത്തെത്തിച്ചു തുരത്താൻ ശ്രമിച്ചെങ്കിലും 4 തവണ റോഡ് വരെ എത്തി മടങ്ങിപ്പോയി. ഇതോടെ 12.30 ന് തുരത്തൽ നിർത്തിവച്ചു. 3 ന് പുനരാരംഭിച്ചു അര മണിക്കൂർ കഴിഞ്ഞപ്പോഴും ഇതുതന്നെ ആവർത്തിച്ചു. വൈകിട്ട് 6–ാം തവണയും ആനയെ പുറത്തെത്തിച്ചെങ്കിലും വഴി മാറി കരിയാൽ ടൗണിലേക്ക് ഓടി വട്ട്യറ സ്കൂൾ പരിസരത്ത് തമ്പടിച്ചത‌് ആശങ്ക വർധിപ്പിച്ചു. പിന്നീട് സന്ധ്യയോടെയാണു ഏറെ ശ്രമകരമായി ഈ ആനയെ പുറത്തെത്തിച്ചു മറുവശത്തുള്ള ആനയ്ക്കൊപ്പമാക്കി ആറളം ഫാമിലേക്ക് തുരത്തിയത്.
പുലർച്ചെ പായത്തേക്കുള്ള വരവിനിടെ മുടച്ചാൽ ഭാഗത്ത് കാട്ടാനകൾ കൃഷിനാശവും വരുത്തി. ഫാം അതിർത്തിയിൽ പാലപ്പുഴ കൂടലാട് ഭാഗത്തു കൂടി പുഴ വഴിയാണ് പായത്ത് ആനകൾ എത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തി ഫാമിന്റെ കൃഷിയിടം താവളമാക്കിയ കാട്ടാനക്കൂട്ടം പുഴ കടന്നു അയ്യപ്പൻക്കാവ്, ചാക്കാട്, പാലപ്പുഴ ഭാഗങ്ങളിൽ എത്തി സ്ഥിരം ഭീഷണി ഉയർത്തിയതോടെ നാട്ടുകാർ പിരിവ് എടുത്ത് പുഴയുടെ അതിർത്തിയിൽ സോളർ തൂക്ക്‌വേലി സ്ഥാപിച്ചിരുന്നു. ആന ശല്യം കുറയുകയും ചെയ്തിരുന്നു.
പരിചരണ കുറവു മൂലം പുഴയ്ക്കു കുറുകെ കെട്ടിയ വേലി പ്രവർത്തനസജ്ജമല്ലാത്തതിനാലാണ് ഈ വഴി കാട്ടാനകൾ ഇപ്പോൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. വനം കണ്ണൂർ എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.രതീശൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ‌്, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, പേരാവൂർ ഡിവൈഎസ്പി കെ.വി.പ്രമോദൻ, ഇരിട്ടി എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ എന്നിവർ വനം, പൊലീസ്, റവന്യു വകുപ്പ് വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പായം, കരിയാൽ, വട്ട്യറ, ജബ്ബാർക്കടവ് ഗ്രാമങ്ങളിൽ ആനയെത്തുന്നത് ആദ്യമായി
വിജനമായ നിരത്തുകൾ.. ഇടയ്ക്കു വനം, പൊലീസ് വണ്ടികൾ കടന്നുപോകുമ്പോൾ ആശങ്കയോടെ വീടിന്റെ സുരക്ഷിത ഭാഗങ്ങളിൽ നിന്നും ടെറസ്സുകളിൽ നിന്നും ഭീതിയോടെ നോക്കുന്ന കണ്ണുകൾ.. ജനപ്രതിനിധകളെ വിളിച്ചു ആനകൾ പോയോ എന്ന ആശങ്കയോടെയുള്ള അന്വേഷണങ്ങൾ..ഇടയ്ക്ക് ഭീതിയുടെ ആഴം കൂട്ടി പടക്കം പൊട്ടുന്ന ശബ്ദം..ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടും തുരത്തൽ നടക്കുന്നുവെന്നും അറിയിച്ചു മൈക്ക് അനൗൺസ്മെന്റ്..പായം, കരിയാൽ, വട്ട്യറ, ജബ്ബാർക്കടവ്, മുടച്ചാൽ നിവാസികൾ ഇന്നലെ ഉണരുന്നത് 20 കിലോമീറ്റർ അകലെയുള്ള ആറളം വന്യജീവി സങ്കേതത്തിൽ നിന്നു 2 കാട്ടാനകൾ എത്തിയെന്ന വാർത്ത കേട്ടാണ്.
ആദ്യമായാണ് ഈ പ്രദേശത്ത് കാട്ടാനകൾ എത്തുന്നത്. ജാഗ്രതയിലായ ഗ്രാമീണർ അയൽവാസികളെയും സൂഹൃത്തുക്കളെയും വിളിച്ചു വിവരം ധരിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കണ്ടെന്നും സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ ഗ്രാമങ്ങൾ ആളനക്കം ഇല്ലാതെ ഭീതിയുടെ നിശബ്ദതയിലായി. തുരത്തലിനിടെ പലതവണ വനം ഉദ്യോഗസ്ഥർക്കു നേരേ കാട്ടാന തിരിഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചു.
‘സനീഷിന് ജീവൻ തിരിച്ചു കിട്ടിയത് ആത്മധൈര്യം മൂലം’
ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ എത്തിയതറിയാതെ ജബ്ബാർക്കടവിൽ നിന്നു എടൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്കു പോകുന്നതിനിടെ ജബ്ബാർക്കടവ് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴയ ടെസ്റ്റ് ഗ്രൗണ്ടിനു സമീപം റോഡ് മുറിച്ചു കടക്കുകയായിരുന്ന കാട്ടാന ബൈക്കിൽ എത്തിയ സനീഷിനു നേരെ തിരിഞ്ഞു. ബൈക്ക് ഉപേക്ഷിച്ചു ഓടിയ സനീഷിന്റെ പിന്നാലെ ഓടിയ ആന തുമ്പിക്കൈ നീട്ടി സനീഷിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ആത്മധൈര്യം കൈവിടാതെ തിരിഞ്ഞോടിയ സനീഷ് നേരിയ വ്യത്യാസത്തിലാണ് ആനയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്. ഓടുന്നതിനിടെ വീണു സനീഷിനും കാലിനും കൈക്കും നേരിയ പരുക്കുകൾ പറ്റി.