ADVERTISEMENT

കണ്ണൂർ∙ തുടർച്ചയായ മൂന്നു ദിവസം (ഡിസംബർ 30, 31, ജനുവരി 1) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂർ വിമാനത്താവളത്തിലാണ്. ഡിസംബർ 31നു രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. ഇതാദ്യമായല്ല ജില്ലയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴ ലഭിച്ച ജില്ലയിൽ തന്നെയാണു പ്രതീക്ഷച്ചിതിനേക്കാൾ ചൂട് ഉയരുന്നതും. ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ, വേനൽക്കാലത്തിനായി ഇപ്പോഴേ കരുതിയിരിക്കണം.

ശ്രദ്ധിക്കാൻ 
∙ വേനൽക്കാലത്തു ചൂടിനു കാഠിന്യം കൂടുമെന്നതിനാൽ വെള്ളം ധാരാളം കുടിക്കുക. ഡ്രൈവർമാർ, ശാരീരികാധ്വാനം ഏറെ വേണ്ടവർ, വെയിലത്തു ജോലി ചെയ്യുന്നവർ തുടങ്ങിയവർ കൂടുതൽ വെള്ളം കുടിക്കണം.
∙ വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കാം. അതു സംരക്ഷിക്കുക. മഴവെള്ള സംഭരണികൾ പ്രവർത്തനസജ്ജമാക്കാം. ലഭിക്കുന്ന ഓരോ തുള്ളിയും ഭാവിയിൽ സഹായിക്കുമെന്ന് ഓർക്കുക. വെള്ളം പാഴാക്കാതിരിക്കുക.
∙ വെയിലത്തു പണി ചെയ്യേണ്ടിവരുമ്പോൾ ജോലിസമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചയ്‌ക്കു 12 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമിക്കണം.

∙ കട്ടികുറഞ്ഞ, വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുക. സ്ത്രീകൾ‍ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
∙ വെയിലത്തു ജോലിചെയ്യേണ്ടിവരുമ്പോൾ ഇടയ്‌ക്കു തണലിലേക്കു മാറുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക.
∙ കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കാതിരിക്കുക. അധ്യാപകരും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം.
∙ ചൂട് കൂടുതലുള്ള അവസരങ്ങളിൽ കഴിവതും വീടിനകത്തോ തണലിലോ വിശ്രമിക്കുക.

∙ പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റു രോഗങ്ങൾക്കു ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
∙ വീട്ടിൽ ധാരാളം കാറ്റ് കിട്ടുന്ന രീതിയിൽ വാതിലുകളും ജനാലകളും തുറന്നിടുക. വീട്, സ്കൂളുകൾ, ആശുപത്രി തുടങ്ങിയിടത്തെല്ലാം ഫാനുകൾ, എയർ കണ്ടിഷനറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
∙ വെയിലത്തു പാർക്ക് ചെയ്യുന്ന കാറിലോ മറ്റ് അടഞ്ഞ വാഹനങ്ങളിലോ കുട്ടികളെ വിട്ടിട്ടു പോകാതിരിക്കുക.
∙ സൺ സ്ക്രീനുകൾ ആഡംബരമല്ല, ആവശ്യമാണെന്നു മനസ്സിലാക്കുക.
∙ സ്ഥിരം വിളകളെ ചൂടിൽനിന്നു സംരക്ഷിക്കാനാവശ്യമായ കാര്യങ്ങൾ കർഷകർ സ്വീകരിക്കണം. അതിന് കൃഷിഭവനുകളുമായി ബന്ധപ്പെടാം. 

വിവരങ്ങൾക്ക് കടപ്പാട്  ഡോ.ശേഖർ ലൂക്കോസ് കുര്യാക്കോസ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബർ സെക്രട്ടറി

English Summary:

Kannur's record-breaking heatwave demands immediate action. Essential summer safety measures include staying hydrated, conserving water, and protecting vulnerable groups from the extreme heat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com