കോൺക്രീറ്റ് അടർന്നുവീണു, കമ്പികൾ തുരുമ്പെടുത്തു; തകർച്ചാഭീഷണിയിൽ മീന്തുള്ളി നടപ്പാലം
Mail This Article
ചെറുപുഴ∙മീന്തുള്ളി നടപ്പാലം തകർച്ചാഭീഷണിയിൽ. തേജസ്വിനിപ്പുഴയുടെ മീന്തുള്ളി ഭാഗത്ത് നിർമിച്ചനടപ്പാലമാണു തകർച്ച ഭീഷണി നേരിടുന്നത്.നടപ്പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴാനും കമ്പികൾ തുരുമ്പെടുത്തു നശിക്കാനും തുടങ്ങി. 2005 ജൂൺ 16ന് കെ.പി.സതീഷ്ചന്ദ്രൻ എംഎൽഎയാണു നടപ്പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 2006 ഒക്ടോബർ 15ന് അന്നത്തെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നടപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. നടപ്പാലത്തിനു ഇപ്പോൾ18 വർഷത്തിലേറെ കാലപ്പഴക്കമുണ്ട്. വേനൽക്കാലത്ത് വാഹനങ്ങൾക്ക് പുഴയിലൂടെ ഇറങ്ങി അക്കരെ എത്താനാകും .എന്നാൽ മഴക്കാലത്ത് വാഹനങ്ങൾക്ക് പുഴ കടക്കാനാവില്ല.
ഇതുമൂലം മഴക്കാലത്ത് മുതിർന്നവരും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല.പ്രശ്നത്തിനു ശാശ്വതപരിഹാരം കാണാൻ മീന്തുള്ളിയിൽ കോൺക്രീറ്റ് പാലം നിർമിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി മണ്ണു പരിശോധനയും മറ്റും നടപടികളും പൂർത്തിയാക്കി ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്തു.എത്രയും വേഗം പുതിയ പാലം യാഥാർഥ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. പാലം യാഥാർഥ്യമായാൽ മഴക്കാലത്തും വാഹനങ്ങൾക്ക് മീന്തുള്ളിയിൽ എത്താനാകും. ഇതോടെ പ്രദേശത്തെ യാത്രാക്ലേശത്തിനു ശാശ്വത പരിഹാരമാകുകയും ചെയ്യും.