ദേശീയപാത നിർമാണം: വേളാപുരത്ത് അപകടം തുടർക്കഥ; മരിച്ചത് 3 പേര്
Mail This Article
പാപ്പിനിശ്ശേരി ∙ യാത്രക്കാരുടെ ജീവനെടുക്കുന്ന നിലയിലാണ് ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിലെ റോഡിന്റെ അവസ്ഥ. ഇടുങ്ങിയ സർവീസ് റോഡ് വഴി അമിതവേഗത്തിൽ കടന്നുപോകാനുള്ള ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ശ്രമങ്ങൾക്കിടെ അപകടങ്ങളും പെരുകുന്നു. ഇന്നലെ വേളാപുരത്തിന് സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേലേരി സ്വദേശിയായ വിദ്യാർഥി പി. ആകാശ് മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ഇവിടെ കഴിഞ്ഞ 6 മാസത്തിനിടെ ഒട്ടേറെ പേരാണ് വാഹനാപകടത്തിൽപെട്ട് പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത്.
മുൻപ് ഇതേസ്ഥലത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരായ 2 പേരാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ബൈക്ക് കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു പൂവമ്പലം സ്വദേശിയുടെ കാൽവിരൽ അറ്റുപോയി. നിർമാണ സ്ഥലങ്ങളിൽ നിന്നും സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടുന്ന മിക്കയിടങ്ങളിലും അപകടങ്ങൾ പതിവാണ്. ഇവിടെ സ്ഥാപിക്കുന്ന സൂചനാബോർഡുകളും അലക്ഷ്യമായ നിലയിലാണുള്ളത്. തകർന്നതും ഇടുങ്ങിയതുമായ റോഡിലൂടെ വാഹനങ്ങൾ അപകടകരമായാണു മറികടക്കാൻ ശ്രമിക്കുന്നത്.
റോഡരികിൽ ഇരുഭാഗത്തും കോൺക്രീറ്റ് ബാരിക്കേഡ് സ്ഥാപിക്കുന്നതും അപകടകാരണമാകുന്നതായി പരാതിയുണ്ട്. മിക്കയിടത്തും ഇത്തരം ബാരിക്കേഡുകൾ അശ്രദ്ധമായാണ് സ്ഥാപിച്ചിരിക്കുന്നത്. സർവീസ് റോഡ് പൂർണമായും തകർന്നു കുഴികളായിട്ടും ടാറിങ് നടത്തിയിട്ടില്ല. നിലവിലെ നിർമാണം പൂർത്തിയായാൽ മാത്രമേ സർവീസ് റോഡ് നന്നാക്കൂവെന്ന നിലപാടിലാണ് ദേശീയപാത അധികൃതർ. കീച്ചേരിക്കും വേളാപുരത്തിനും ഇടയിൽ സർവീസ് റോഡിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഓവുചാലിനു മുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബ് തകർന്നനിലയിലാണ്. യാത്രക്കാർക്ക് തടസ്സവും അപകടവും ഉണ്ടാകാതെ സുരക്ഷിതയാത്ര ഉറപ്പാക്കണമെന്ന സുരക്ഷാ നിർദേശം പോലും ദേശീയപാത നിർമാണ സ്ഥലങ്ങളിൽ പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നൊമ്പരമായി ആകാശ്
ചേലേരി∙ തെക്കേക്കരയിലെ ആകാശ് വിഹാറിൽ ഇനി സവിത തനിച്ചാണ്. അഞ്ചു വർഷം മുൻപ് ഭർത്താവ് സി.കെ. മധുസൂദനൻ അർബുദബാധയെത്തുടർന്നു മരിച്ചതിനു ശേഷം സവിതയുടെ ആശ്വാസമായിരുന്നു ഏകമകനായ ആകാശ്. ഇന്നലെ രാവിലെ ദേശീയപാതയിൽ പാപ്പിനിശ്ശേരിക്ക് സമീപം വേളാപുരത്ത് സ്കൂട്ടറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ആകാശിനെ മരണം തട്ടിയെടുത്തതോടെയാണ് സവിത തനിച്ചായത്.
കല്യാശേരി ഇ.കെ.നായനാർ മോഡൽ പോളിടെക്നിക്കിലേക്ക് ഇന്നലെ രാവിലെ അമ്മയോടു യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ആകാശ് ഇനി തിരിച്ചുവരില്ലെന്ന് വിശ്വാസിക്കാനാവുന്നില്ല പ്രദേശവാസികൾക്ക്. അപകടവും മരണവിവരവും അറിഞ്ഞതു മുതൽ തെക്കേക്കര പ്രദേശം ശോകമൂകമായിരുന്നു. അറിഞ്ഞ വാർത്ത സത്യമാകരുതേ എന്ന പ്രാർഥനയിലായിരുന്നു നാട്. വീട്ടുകാരുടെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും എല്ലാം പ്രിയപ്പെട്ടവനായിരുന്നു ആകാശ്.