പരിമിതിക്കു മുകളിൽ കൊട്ടിക്കയറി ഭിന്നശേഷി വിദ്യർഥികൾ
Mail This Article
പയ്യന്നൂർ ∙ പരിമിതികൾ മറന്ന് 14 കുട്ടികൾ പഞ്ചാരി അഞ്ചാം കാലം നിലകൾ മാറി മാറി ആസ്വദിച്ച് കൊട്ടിയപ്പോൾ അത് പഞ്ചാരി മേളത്തിലേക്കുള്ള കൊട്ടിക്കയറലായി മാറി. 20 മിനുട്ടിലധികം കയ്യും മനസ്സും ഒരേദിശയിലേക്ക് കൊണ്ട് വന്ന് ദ്രുത ഗതിയിലുള്ള പെരുക്കത്തോടെ കൊട്ടിയപ്പോൾ ആസ്വാദകർക്ക് അതൊരു താള വിസ്മയവും ഒപ്പം മേളപ്പെരുമായി ചരിത്രത്തിനൊപ്പം ചേർന്നു. ഭിന്നശേഷി വിദ്യാർഥികളായ തായിനേരി എംആർസിഡിയിലെ 14 കുട്ടികളാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചത്.
ബാൻഡ് മേളം പരിശീലിച്ച കുട്ടികൾ സ്കൂൾ വാർഷികത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടിയെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആനയിച്ചിരുന്നു. അന്ന് മട്ടന്നൂർ വേദിയിൽ വച്ച് തന്നെ കുട്ടികളെ ചെണ്ട പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപ്പിച്ചിരുന്നു. പയ്യന്നൂർ സുധിയെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തു. കുട്ടികൾക്ക് വഴങ്ങുന്ന രീതിയിൽ സുധി നിലകളെ മാറ്റി തയാറാക്കുകയായിരുന്നു പഞ്ചാരി അഞ്ചാം കാലം.
10 ആൺകുട്ടികളും 4 പെൺകുട്ടികളും രണ്ടു അധ്യാപികമാരും ചേർന്നതായിരുന്നു സ്കൂൾ സംഘം. ഫോക്‌ലാൻഡ് ചെയർമാൻ വി.ജയരാജ് അധ്യക്ഷത വഹിച്ചു. ടി.ടി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശശി വട്ടക്കൊവ്വൽ, കെ.പി.ശ്രീധരൻ, കെ.വി.ശശിധരൻ നമ്പ്യാർ, പ്രിൻസിപ്പൽ എ.ശോഭ, ടി.കെ.സന്തോഷ്, കെ.രവീന്ദ്രൻ, പി.സി.ഗണേശൻ, പയ്യന്നൂർ സുധി എന്നിവർ പ്രസംഗിച്ചു.