പായം മേഖലയിൽ കാട്ടാനകൾ ഇറങ്ങി; വീടിന്റെ ടെറസിൽ 2 മണിക്കൂറോളം കുടുങ്ങി എംഎൽഎ
Mail This Article
ഇരിട്ടി∙ പായം മേഖലയിൽ കാട്ടാനകൾ ഇറങ്ങിയതറിഞ്ഞു സ്ഥലത്ത് എത്തിയവരിൽ സണ്ണി ജോസഫ് എംഎൽഎയും പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാറും ഉൾപ്പെടെ ഉള്ളവർ ജബ്ബാർക്കടവ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപം മുതിരക്കാലായിൽ തങ്കച്ചന്റെ വീടിന്റെ ടെറസ്സിന്റെ മുകളിൽ 2 മണിക്കൂറോളം കുടുങ്ങി. ടെസ്റ്റ് ഗ്രൗണ്ട് ഭാഗത്തേക്ക് മാറിയ ആന പലകുറി തിരിച്ചു വന്നതും മടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചതും സുരക്ഷ കണക്കിലെടുത്തു ജബ്ബാർക്കടവ് – കരിയാൽ റോഡിൽ ഗതാഗതം നിരോധിച്ചതും കാരണമായി. 12.30 ന് ആദ്യ ഘട്ട ആനതുരത്തൽ നിർത്തി വച്ചതോടെയാണ് ഇവർക്ക് മടങ്ങാനായത്.
ആനകൾ ഭീതി വിതച്ചതിങ്ങനെ
രാവിലെ 4.30 – പത്രവിതരണം നടത്തുന്ന കാഴ്ചപരിമിതിയുള്ള കെ.രമേശൻ കരിയാലിൽ എന്തോട ഒടിക്കുന്ന ഒച്ച കേട്ടു കാട്ടാന സാന്നിധ്യം തിരിച്ചറിയുന്നു
5.00 – കെ.രമേശൻ സമീപത്തെ വത്സലയുടെ വീട്ടിൽ വിവരം പറഞ്ഞതനുസരിച്ചു നോക്കുമ്പോൾ കൃഷിവിളകൾ നശിപ്പിക്കുന്ന കാട്ടാനകളെ കണ്ടെത്തി
7.30 – പുതിയവിട ദിനേശൻ വീടിന്റെ സമീപത്തുകൂടെ കടന്നുപോകുന്ന 2 ആനകളെ കാണുന്നു
9.00 – തുരത്താനുള്ള ശ്രമത്തിനിടെ റോഡിന്റെ ഇരുവശത്തെക്ക് ചിതറി മാറുന്നു
9.30 – ബൈക്കിൽ പോകുന്ന യാത്രക്കാരൻ സനീഷിനെ ആക്രമിക്കാൻ ശ്രമിക്കുന്നു
11 – ജബ്ബാർക്കടവ് – കരിയാൽ റോഡിന് വലതുവശം പഴയ ലൈസൻസ് ടെസ്റ്റ് ഗ്രൗണ്ടിനു പിന്നിലെ കാട്ടിൽ ഒളിച്ച ആനയെ കണ്ടെത്തി എതിർവശത്തെ ആനയ്ക്കൊപ്പം ചേർത്ത് തുരത്താൻ ശ്രമം
11.10 മുതൽ 12.30 വരെയുള്ള ശ്രമത്തിനിടെ 4 തവണ റോഡ് വരെ എത്തി തിരികെ വീണ്ടും ഒളിച്ചിടത്തേക്ക് ആന മടങ്ങുന്നു
12.30 – തൂരത്തൽ താൽക്കാലികമായി നിർത്തി ആന നിന്ന സ്ഥലങ്ങളിൽ കാവൽ
2.30 – പഴയ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം എസിഎഫ് വി.രതീശന്റെയും ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപിന്റെയും നേതൃത്വത്തിൽ വനപാലകർ ഒത്തുചേർന്ന് തുരത്തൽ ഓപ്പറേഷൻ പ്ലാനിങ്ങും അതിനുള്ള ടീം വിന്യാസവും നടത്തുന്നു
3.00 – തുരത്തൽ തുടങ്ങി
3.30 – ടെസ്റ്റ് ഗ്രൗണ്ടിനു പുറത്തെത്തിച്ച കാട്ടാന വീണ്ടും തിരികെ പഴയതാവളത്തിലേക്ക്
5.55 – വീണ്ടും പുറത്തെത്തിച്ച കാട്ടാന കരിയാൽ ടൗണിലേക്ക് കടന്നു വട്ട്യറ സ്കൂൾ ഭാഗത്തേക്ക് മാറി
6.55 – വനം ദൗത്യ സംഘം നടത്തിയ സാഹസിക ശ്രമങ്ങളെ തുടർന്ന് ബാവലി പുഴ തീരത്തേക്ക് ഓടി
7.00 – 2 ആനകളെയും ഒന്നിച്ചു ബാവലി പുഴ വഴി വനപാലകർ ഓടിക്കുന്നു
7.40 – ആറളം പുഴ പാലത്തിനു അടിവശം വഴി ആറളം ഫാമിലേക്ക് കയറ്റി
നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി; റോഡുകൾ അടച്ചു
പായം പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലും ആറളം പഞ്ചായത്തിലെ 15, 16 വാർഡുകളിലും മുഴക്കുന്ന് പഞ്ചായത്തിലെ 1, 2 വാർഡുകളിലും ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് എഡിഎം സി.പദ്മചന്ദ്രക്കുറുപ്പ് ഉത്തരവിറക്കി. പായം ഗവ. യുപി സ്കൂളിനും വട്ട്യറ എൽപി സ്കൂളിനും ഇന്നലെ പൂർണമായും ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജബ്ബാർക്കടവ് – കരിയാൽ റോഡ് അടച്ചു. ഇരുവശത്തും പൊലീസ് കാവൽ നിന്നാണു ഗതാഗതം നിരോധിച്ചത്.