എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസ്: റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Mail This Article
കണ്ണൂർ ∙ എടിഎമ്മിൽനിന്നു പണമെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞ് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിൽ റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മയ്യിൽ വേളം കയരളം സ്വദേശി യു.കൃഷ്ണനെയാണു(58) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തൃച്ചി വില്ലുപുരം സ്വദേശിനി അമ്മക്കണ്ണിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തിരുന്നത്.
കഴിഞ്ഞ 25നു രാവിലെയാണു സംഭവം. ഭർത്താവിന്റെ എടിഎം കാർഡുമായി ടൗണിലെ എടിഎമ്മിൽനിന്നു പണമെടുക്കാൻ ശ്രമിക്കവേ, സഹായിക്കാമെന്നു പറഞ്ഞെത്തിയ ഇയാൾ പണമെടുത്തു നൽകിയശേഷം എടിഎം കാർഡ് കൈവശപ്പെടുത്തുകയും പകരം മറ്റൊരു എടിഎം കാർഡ് നൽകുകയുമായിരുന്നു. തുടർന്ന് ഈ കാർഡ് ഉപയോഗിച്ച് 2 തവണകളിലായി 60,900 രൂപ പിൻവലിച്ചെന്നു ചൂണ്ടിക്കാട്ടി അമ്മക്കണ്ണ് പൊലീസിൽ പരാതി നൽകി. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.