മഞ്ഞാങ്കരിയിലെ അപകട ജംക്‌ഷൻ: അടിയന്തരമായി സുരക്ഷാഭിത്തി ഒരുക്കണമെന്ന ആവശ്യം ശക്തം
Mail This Article
ഇരിക്കൂർ ∙ കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡിൽ ഇരിക്കൂർ-ബ്ലാത്തൂർ റോഡ് ചേരുന്ന മഞ്ഞാങ്കരി ജംക്‌ഷൻ അപകടകേന്ദ്രമാകുന്നു. കയറ്റവും വളവും ചേരുന്ന ഇവിടെ നവീകരണ സമയത്ത് ആവശ്യമായ രീതിയിൽ കയറ്റം കുറയ്ക്കാതിരുന്നതും സുരക്ഷാഭിത്തി ഒരുക്കാതിരുന്നതുമാണ് അപകടങ്ങൾക്കിടയാക്കുന്നത്.
കുന്നിറക്കമുള്ള റോഡ് ജംക്‌ഷനിലേക്ക് ഇരിക്കൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ അമിത വേഗത്തിലാണ് എത്തുന്നത്. വളവിൽ മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ നേരിട്ട് കാണാൻ കഴിയാത്ത സ്ഥിതിയുമാണ്. എതിരെ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിന് വെട്ടിത്തിരിക്കുമ്പോഴും അരികു നൽകുമ്പോഴുമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കണിയാർവയൽ-ഉളിക്കൽ റോഡിന്റെ ഒരു ഭാഗത്ത് 200 മീറ്ററോളം ദൂരത്തിൽ 20 അടിയോളം താഴ്ചയുണ്ടെങ്കിലും സുരക്ഷാ ഭിത്തിയില്ല. പത്തോളം വീടുകൾ താഴ്ചയുള്ള ഭാഗത്തുണ്ട്.
വാഹനങ്ങൾ പലതവണ റോഡരികിലേക്ക് മറിഞ്ഞും ഓവുചാലിൽ വീണും അപകടങ്ങൾ ഉണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് അപകടങ്ങൾ നടന്നു. അപകടാവസ്ഥ കാരണം ഭീതിയോടെയാണ് വീട്ടുകാർ കഴിയുന്നത്. കിഫ്ബി പദ്ധതിയിൽ 61 കോടി രൂപ ചെലവിൽ നവീകരണം നടത്തിയ റോഡ് 2023 മേയിലാണ് ഉദ്ഘാടനം ചെയ്തത്. 18 കിലോമീറ്റർ വരുന്ന റോഡ് കിഫ്ബിയുടെ മാതൃകാ റോഡെന്ന പ്രഖ്യാപനത്തോടെയാണ് പണി നടത്തിയതെങ്കിലും പല സ്ഥലത്തും മതിയായ സുരക്ഷാ ഭിത്തിയൊരുക്കാതെയും കയറ്റം കുറയ്ക്കാതെയുമാണ് പൂർത്തിയാക്കിയത്.