കണ്ണൂർ ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
വാഹന ഗതാഗതം നിരോധിച്ചു: തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പത്തായക്കല്ല് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം 13നും 14നും പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ കല്ലിക്കണ്ടി വഴി പോകണം.
∙ ഓലായിക്കര-കോട്ടയം അങ്ങാടി റോഡിൽ ഓലായിക്കര ജുമാമസ്ജിദിനു സമീപം അപകടാവസ്ഥയിലുള്ള കലുങ്ക് പുനർനിർമിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം 14 മുതൽ 19 വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ഓലായിക്കര മംഗലോട്ട്ചാൽ- ആയിരംതെങ്ങ് -കിണവക്കൽ വഴി പോകണം.
∙ കണ്ണൂർ കോർപറേഷൻ– അഴീക്കോട് പഞ്ചായത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന കാപ്പിലെ പീടിക - പള്ളിയാംമൂല റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം 15 മുതൽ 20 വരെ നിരോധിച്ചു.
റെയിൽവേ ഗേറ്റ് അടച്ചിടും
∙ തലശ്ശേരി - എടക്കാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എൻഎച്ച് - ബീച്ച് (മടംഗേറ്റ്) ലവൽക്രോസ് 13നു രാവിലെ 8 മുതൽ 14നു രാത്രി 11 വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും.
അധ്യാപക ഒഴിവ്
കോറോം ∙ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് 10.30ന് സ്കൂൾ ഓഫിസിൽ.
ഇൻസ്ട്രക്ടർ ഒഴിവ്
കൂത്തുപറമ്പ് ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ(ജൂനിയർ) ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 14ന് രാവിലെ 11ന് ആമ്പിലാട് ഐടിഐ ക്യാംപസിൽ. 0490 2364535.
നേത്ര പരിശോധനാ ക്യാംപ് നാളെ
കൂത്തുപറമ്പ് ∙ പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയവും കണ്ണൂർ അഹല്യ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വായനശാല ഹാളിൽ നടക്കും. അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ധസംഘം നേത്ര പരിശോധന നടത്തുകയും സൗജന്യ നിരക്കിൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്കു ചെയ്തു കൊടുക്കുന്നതുമാണ്. ചികിത്സയും നിർണയിക്കും. സൗജന്യ നിരക്കിൽ കണ്ണട വിതരണത്തിനും പരിപാടിയുണ്ട്. 8330086180, 7356620626.
അന്നദാനം ഒഴിവാക്കി
കരിവെള്ളൂർ∙ പലയിടങ്ങളിൽ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പെരളത്ത് ഭഗവതി ക്ഷേത്രം പാട്ട് ഉത്സവം സമാപന ദിവസമായ ഇന്ന് അന്നദാനം ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
പൂർവവിദ്യാർഥി സംഗമം നാളെ
ചിറ്റാരിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിപ്പറമ്പ് 1982-83 എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി സംഗമം നാളെ 10–ന് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനം ഇന്ന്
കടന്നപ്പള്ളി∙ പടിഞ്ഞാറെക്കര പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിർമിച്ച സ്റ്റേജ്, ഗ്രീൻ റൂം, ടോയ്‌ലറ്റ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് എം.വിജിൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ അധ്യക്ഷത വഹിക്കും
ജില്ലാ സംഗമം നാളെ
കണ്ണൂർ ∙ ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രൻഡ്ഷിപ് ജില്ലാ സംഗമം നാളെ കണ്ണൂർ ബലറാം സ്മാരകത്തിൽ നടക്കും. വൈകിട്ട് 3നു സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് രാജൻ ഉദ്ഘാടനം ചെയ്യും.
‘ഹൃദയപൂർവം’ കൂട്ടയോട്ടം നാളെ; രാവിലെ 6.30ന് സ്റ്റേഡിയം കോർണറിൽ ആരംഭിക്കും; പങ്കെടുക്കുന്നവർ 6ന് എത്തണം
കണ്ണൂർ ∙ മലയാള മനോരമ, മദ്രാസ് മെഡിക്കൽ മിഷനുമായി സഹകരിച്ചു നടത്തുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ നടത്തുന്ന കൂട്ടയോട്ടം നാളെ രാവിലെ 6.30ന്. നിർധനരായ ഹൃദ്രോഗികൾക്കു പരിശോധനയ്ക്കും ഹൃദയശസ്ത്രക്രിയയ്ക്കും അവസരമൊരുക്കാൻ മലയാള മനോരമ, മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്ന് 1999ൽ ആരംഭിച്ച പദ്ധതിയാണു ‘ഹൃദയപൂർവം’. ഈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്ത് ഇതുവരെ 82 സൗജന്യ ഹൃദയപരിശോധനാ ക്യാംപുകളും 2500 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. പദ്ധതിയുടെ രജതജൂബിലി ആഘോഷം13നു കോട്ടയത്തു നടക്കും. ഇതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
മനോരമയിൽ റജിസ്റ്റർ ചെയ്ത വായനക്കാർക്കു പുറമേ കണ്ണൂർ സ്പോർട്സ് സ്കൂൾ, സായ് തലശ്ശേരി, കാനന്നൂർ സൈക്ലിങ് ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കണ്ണൂർ ബീച്ച് റൺ ടീം, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി(ഫെറ), ബാലജനസഖ്യം എന്നിവയുടെ പ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുക്കും. കണ്ണൂർ ആസ്റ്റർ മിംസ്, യുനോമെഡ് ലാബ് താണ, ബേക്ക് സ്റ്റോറി എന്നിവയും പരിപാടിയുടെ നടത്തിപ്പിനു സഹകരിക്കുന്നു.
റൂട്ട് ഇങ്ങനെ; പ്രമുഖരും അണിനിരക്കും
നാളെ രാവിലെ 6.30നു സ്റ്റേഡിയം കോർണറിൽനിന്നു തുടങ്ങി താവക്കര, പുതിയ ബസ് സ്റ്റാൻഡ്, ഫോർട്ട് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ് വഴി സ്റ്റേഡിയം കോർണറിൽ തന്നെ സമാപിക്കും വിധമാണു കൂട്ടയോട്ടം ക്രമീകരിച്ചിരിക്കുന്നത്. മുൻ രാജ്യാന്തര അത്‌ലീറ്റും സാഫ് ഗെയിംസ് മെഡലിസ്റ്റുമായ കെ.എം.ഗ്രീഷ്മ ഫ്ലാഗ്ഓഫ് ചെയ്യും. അവസാന 100 മീറ്ററിൽ ജില്ലയിൽ നിന്നുള്ള പ്രമുഖരും അണിനിരക്കും.
വൈദ്യുതി മുടക്കം
കൊളച്ചേരി∙ വിഷ്ണു ടെംപിൾ ട്രാൻസ്ഫോമർ പരിധി ഇന്ന് 8.30–4.00, കല്ലൂരിക്കടവ് ട്രാൻസ്ഫോമർ പരിധി ഇന്ന് 9.30–5.00
ഏച്ചൂർ∙ വാരം കനാൽ ട്രാൻസ്ഫോമർ പരിധിയിൽ 8–3
കണ്ണൂർ∙ താവക്കര വേർഹൗസ് ട്രാൻസ്ഫോമർ പരിധിയിൽ 9.30 – 5.30