പഴശ്ശി കനാലിൽ കീഴല്ലൂർ ഭാഗത്ത് ചോർച്ച; വീടുകളിൽ വെള്ളം കയറി
Mail This Article
കീഴല്ലൂർ∙ നവീകരിച്ച പഴശ്ശി കനാലിന്റെ കീഴല്ലൂർ ഭാഗത്ത് ചോർച്ച; വീടുകളിൽ വെള്ളം കയറി. 2 ദിവസമായി വ്യാപക ജലനഷ്ടമാണ് സംഭവിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കൃഷി ഇടങ്ങളിലേക്ക് ജലസേചനം നടത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പഴശ്ശി കനാലിലൂടെ വെള്ളം ഒഴുക്കിയത്. കീഴല്ലൂർ പഞ്ചായത്തിലെ വളയാൽ, കീഴല്ലൂർ ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലാണ് കനാലിൽ ചോർച്ചയുള്ളത്.
കനാലിലെ ചോർച്ചയിൽ നിന്ന് വള്ളം ഒഴുകി സമീപത്തെ വീടുകളിലും റോഡുകളിലും കൃഷിയിടത്തും വെള്ളം എത്തി. കീഴല്ലൂർ ടൗണിലെ റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പൂച്ചടുക്കൽ പാലത്തിന് സമീപവും വെള്ളം റോഡിൽ കെട്ടി നിന്നു. കനാലിനോട് ചേർന്ന് കിടക്കുന്ന വീടുകളുടെ മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നത് വലിയ പ്രയാസമാണെന്ന് വീട്ടുകാർ പറഞ്ഞു. കീഴല്ലൂരിലെ രമേശൻ, വേണുഗോപാൽ, രാധ, ഷറഫുദ്ദീൻ എന്നിവരുടെ വീട്ടുമുറ്റത്തുകൂടിയാണ് വെള്ളം ഒഴുകുന്നത്.
കൃഷി ആവശ്യങ്ങൾക്ക് വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്ക് ശേഷമാണ് കനാൽ വഴി വെള്ളം ഒഴുക്കിയത്. മാസങ്ങൾക്ക് മുൻപ് ട്രയൽറണ്ണും സംഘടിപ്പിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് കഴിഞ്ഞ ദിവസം വെള്ളം തുറന്നു വിട്ടത്. പ്രളയത്തിൽ തകർന്ന കനാലിന്റെ ഭാഗം അടക്കം 50 കോടി രൂപ മുതൽ മുടക്കിലാണ് നവീകരണം പൂർത്തിയാക്കിയത്. വിവിധ ഇടങ്ങളിൽ കനാലിൽ കെട്ടിക്കിടന്ന ചെളിയും മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത്, കനാലിന്റെ ഇരുവശങ്ങളിലും അടിഭാഗത്ത് ചെങ്കല്ല് പാകി കോൺക്രീറ്റ് ചെയ്താണ് നവീകരണം നടത്തിയത്. നവീകരണ പ്രവൃത്തി നടത്തിയ ഇടങ്ങളിൽ ചോർച്ചയില്ല.