സിന്ധു കാണാമറയത്ത്; സംയുക്ത തിരച്ചിൽ നാളെ
Mail This Article
കൂത്തുപറമ്പ് ∙ കണ്ണവത്തു കാണാതായതായി പൊരുന്നൻ ഹൗസിൽ എൻ.സിന്ധുവിനായുള്ള(40) അന്വേഷണം ഊർജിതം. മേഖലയിലെ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനാ പ്രതിനിധികൾ പൊലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ നാളെ വനത്തിൽ തിരച്ചിൽ നടത്താൻ തീരുമാനിച്ചു. അറക്കൽ മേഖലയിൽ പൊലീസ് സംഘം വീണ്ടും തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. നാളെ നടത്തുന്ന പരിശോധനയിൽ ഫലം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
അന്വേഷണത്തിന് ആധുനികയന്ത്ര സംവിധാനങ്ങളോടു കൂടിയ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കുറിച്യ മുന്നേറ്റ സമിതി മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും ഉൾപ്പെടെ നിവേദനം നൽകി. മറ്റു പ്രദേശങ്ങളിലേക്കു പോയിട്ടുണ്ടോ എന്നറിയുന്നതിനു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പട്ടികജാതി - പട്ടികവർഗ കമ്മിഷൻ, പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രി, പട്ടികവർഗ ഡയറക്ടർ, ഡിജിപി, കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.